ഗാന്ധി കുടുംബത്തിന്റെ സുരക്ഷ; ആളുകളുടെ ജീവന്‍ വച്ച് കളിക്കരുത്, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

മുംബൈ: ഗാന്ധി കുടുംബത്തിന് നല്‍കിക്കൊണ്ടിരുന്ന എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രത്തിന് മുന്നറിയിപ്പുമായി ശിവസേന. പാര്‍ട്ടി പത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ആളുകളുടെ ജീവന്‍ വച്ച് കളിക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ബി.ജെ.പിയെ തഴഞ്ഞ് എന്‍.സി.പികോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെയാണ് ഗാന്ധി കുടുംബത്തോടുള്ള കേന്ദ്ര നടപടിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്.

‘പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തങ്ങളുടെ സുരക്ഷയില്‍ കുറവുവരുത്താനോ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉപേക്ഷിക്കാനോ തയ്യാറല്ല. അതിനര്‍ത്ഥം ഗാന്ധി കുടുംബത്തിന്റെ സുക്ഷ പിന്‍വലിച്ചത് പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നാണ്. ഉപയോഗിച്ച കാറുകള്‍ അവര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണ്. ഈ ആശങ്കയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണം.’ മുഖപ്രസംഗത്തില്‍ പറയുന്നു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ഇന്ദിരാ ഗാന്ധിയും എല്‍.ടി.ടി തീവ്രവാദികളാല്‍ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസിനോട് എതിര്‍പ്പ് ഉണ്ടായിരിക്കാം. എന്നാല്‍ ജീവിതം വച്ച് കളിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

SHARE