പൊലീസ് കുറ്റപത്രം നല്‍കിയില്ല;മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികള്‍ സെന്‍ട്രല്‍ ജയില്‍ വിട്ടത്.

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്.പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണമെങ്കിലും പ്രതികളെ ജാമ്യത്തില്‍ വിടുന്നത് രക്ഷപ്പെടാന്‍ മാര്‍ഗം നല്‍കലാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായേക്കും.