ബാംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ബിജെപി ഭരണം നിലനിര്‍ത്തുന്ന സാഹചര്യത്തിലും വിജയത്തിന്റെ പൊന്‍തിളക്കവുമായി റിസ്‌വാന്‍ അര്‍ഷാദ്. ശിവാജിനഗര്‍ അസംബ്ലിയില്‍ നിന്നും മത്സരിച്ച റിസ്‌വാന്‍ അര്‍ഷാദ് കര്‍ണ്ണാടക മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുകൂടിയാണ്. കഴിഞ്ഞ രണ്ടു തവണ ബംംഗ്ലൂര്‍ സെന്‍ട്രല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും ആദ്യമായാണ് വിജയത്തിലെത്തുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥി എം ശരവണെയെയും ജെഡിഎസ് സ്ഥാനാര്‍ത്ഥി തന്‍വീര്‍ അഹമ്മദുള്ളയേയും മറികടന്നാണ് റിസ്‌വാന്‍ മുഹമ്മദ് അര്‍ഷദ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ ശിവാജി നഗര്‍ കര്‍ണാടകയുടെ പ്രധാന നഗരമായ ബംഗളുരു ഉള്‍പ്പെടുന്ന പ്രദേശമാണ്. 17000 വോട്ടിലേറെ ലീഡ് ചെയ്താണ് റിസ്‌വാന്റെ വിജയം.
പൊതുവേ കോണ്‍ഗ്രസിന്റെ മണ്ഡലമെന്നറിയപ്പെടുന്ന ശിവാജി നഗറില്‍ ബിജെപി മുമ്പ് അട്ടിമറി വിജയം നേടിയിട്ടുണ്ട്. 2004ലും 1999ലും രാട്ട സുബ്രഹ്മണ്യ നായിഡു ബിജെപിക്കു വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് കോണ്‍ഗ്രസിന്റെ റോഷന്‍ബെയ്ഗ് വീണ്ടും മണ്ഡലം തിരിച്ചു പിടിച്ചു. എന്നാല്‍ ഇത്തവണ ജെ.ഡി.എസ്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെതിരെ വിമതര്‍ക്കൊപ്പം രാജിവെച്ച കൂട്ടത്തില്‍ റോഷന്‍ ബെയ്ഗുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ സ്വാധീനമുള്ള റോഷന്‍ബെയ്ഗ് വോട്ടുകളില്‍ ഭിന്നതയുണ്ടാക്കുമെന്ന ആശങ്ക പലപ്പോഴായി ഉയര്‍ന്നിരുന്നുവെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് റിസ്‌വാന്റെ വിജയം ഉണ്ടായിരിക്കുന്നത്.
ಧನ್ಯವಾದ ಶಿವಾಜಿನಗರ! Thank you Shivajinagar! pic.twitter.com/aiBbWC5yIN
— Rizwan Arshad (@ArshadRizwan) December 9, 2019
അതേസമയം, തന്റെ വിജയത്തില്‍ ജനങ്ങളോട് നന്ദി അറിയിച്ച് റിസ് വാന്‍ രംഗത്തെത്തി. ശിവാജിനഗറിലെ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് വീഡിയോക്കൊപ്പം റിസ് വാന്‍ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 സീറ്റുകളും ബിജെപി നേടി. ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണമായിരുന്നു യെദ്യൂരപ്പയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്.
കോണ്‍ഗ്രസിന് 2 സീറ്റുകളാണ് നേടാനായത്. ജെഡിഎസിന് മത്സരിച്ച മൂന്ന് സീറ്റുകളില്‍ മൂന്നും പോയി. ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 വിമതരില്‍ 11 പേരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.