സഖ്യത്തിനില്ല; തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും നയം വ്യക്തമാക്കി ശിവസേന

മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ് തങ്ങളുടെ നയം ശിവസേന വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വന്‍വിജയം നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.എന്നാല്‍ വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേരേണ്ടെന്ന നയം തുടരാനാണു ശിവസേന തീരുമാനം. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായ് വ്യക്തമാക്കി.

‘ഇതുവരെ ഒറ്റയ്ക്ക് ബിജെപി അധികാരത്തില്‍ വരുമെന്നു വിമ്പിളക്കിയവര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം നേരിട്ടപ്പോള്‍ സഖ്യത്തെക്കുറിച്ചും സഖ്യപാര്‍ട്ടികളെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ എന്‍.ഡി.എയുടെ പ്രസകതിയെക്കുറിച്ച് സംസാരിക്കുകയാണ്.എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ഒരു സഹകരണത്തിനും ശിവസേനയില്ല, സുഭാഷ് ദേശായ് പറഞ്ഞു. പാര്‍ട്ടിയുടെയും മഹാരാഷ്ട്രയുടെയും ഏറ്റവും വലിയ നേതാവാണ് ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാന ഭരണം ശിവസേന ഒറ്റയ്ക്കു പിടിച്ചെടുക്കുമെന്നും ദേശായ് വ്യക്തമാക്കി.

നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അടുത്ത കാലത്തായി ശിവസേന നടത്തുന്നത്. വരുംകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റയ്ക്കു മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി വക്താവും വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മറ്റു പാര്‍ട്ടികളെ ഉപയോഗപ്പെടുത്തി ആവശ്യം കഴിഞ്ഞ് അവരെ വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്. ഇതു രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വ്യക്തമായതാണെന്നും ശിവസേന കുറ്റപ്പെടുത്തി.

ദീര്‍ഘകാലമായി ബി.ജെ.പിയുമായി സഹകരിക്കുന്ന ശിവസേനയും എന്‍.ഡി.എ വിടുന്നതോടെ എന്‍.ഡി.എ സഖ്യം കൂടുതല്‍ അപ്രസ്‌ക്തമാവുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയെ അനുനയിപ്പിക്കാനാകും അമിത് ഷായുടേയും മോദിയുടേയും നീക്കം