ലോക്‌സഭയിലെ രാഹുലിന്റെ പ്രകടനം: പിന്തുണച്ച് ശിവസേനയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തേയും മോദിയെ കെട്ടിപ്പിടിച്ച സംഭവത്തേയും പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

രാഹുലിന്റെ പ്രസംഗം മികച്ചതായികുന്നുവെന്നും രാജ്യത്തെ ഓരോ പൗരന്റെയും വേദനകളാണ് അദ്ദേഹം പറഞ്ഞതതെന്നും മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവിതം അത്രമേല്‍ ദുസ്സഹമാണെന്നും പ്രസംഗത്തിന് രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം മോദിയെ രാഹുല്‍ ഗാന്ധി ആശ്ലേഷിച്ചതിനെ പുകഴ്ത്തി ശിവസേനയും രംഗത്തെത്തി. രാഹുലിന്റെ പ്രസംഗം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുവിരലാണെന്ന് പറഞ്ഞ ശിവസേന മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചത് പ്രശംസിക്കാനും മറന്നില്ല. അവിശ്വാസ പ്രമേയത്തില്‍ ആദ്യം ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ ശിവസേന അവസാനം നിലപാട് മാറ്റുകയായിരുന്നു. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ട് നില്‍കുമെന്നാണ് സൂചന ലഭിക്കുന്നത്.

 

പാര്‍ലമെന്റില്‍ തെറ്റായ നയങ്ങളെയാണ് എതിര്‍ക്കപ്പെടേണ്ടത്.അല്ലാതെ വ്യക്തികളെയല്ല, രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചതില്‍ എന്താണ് തെറ്റെന്നും ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ അംഗം സഞ്ജയ് സിങ് ചോദിച്ചു. രാഹുലിന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു സഞ്ജയ് സിങിന്റെ ചോദ്യം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും രാഹുലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. മോദിയെ കടന്നാക്രമിച്ച ശേഷം സഹപ്രവര്‍ത്തകരെ നോക്കിയുള്ള രാഹുലിന്റെ കണ്ണിറുക്കലിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു തേജസ്വി യാദവിന്റെ ട്വീറ്റ്.

 

ലോക്‌സഭയിലെ ഇന്നത്തെ രാഹുലിന്റെ പ്രകടനത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡില്‍ രാഹുല്‍ഹങ്ക്‌സ്‌മോദി ഒന്നാം സ്ഥാനത്താണ് നിലവില്‍. പതിനായിരത്തിലേറെ പേരാണ് രാഹുല്‍ഹങ്ക്‌സ്‌മോദി ഹാഷ് ടാകില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ അത്ഭുതകരമായ ഒരു പ്രകടനമായിരുന്നു ലോക്‌സഭയില്‍ കണ്ടതെന്നും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തന്നെ പിഴുതെറിയുന്ന രീതിയിലുള്ള ഒരു ഗെയിം ചേഞ്ചിങ് പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അപ്രതീക്ഷിതമായ ഒരു കെട്ടിപ്പിടുത്തത്തിലൂടെ ബി.ജെ.പി നേതൃത്വത്തെ തന്നെ രാഹുല്‍ ഞെട്ടിച്ചുകളഞ്ഞെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുലിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. രാഹുലിന്റെ പ്രസംഗവും ഒടുവിലുള്ള കെട്ടിപ്പിടുത്തവും ഞെട്ടിച്ചുകളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ പലരും പ്രതികരിച്ചത്.

ആന്ധ്രവിഷയത്തില്‍ ടി.ഡി.പി അവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ചാ വേളയിലായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.രാഹുലിന്റെ പ്രസംഗത്തിനിടയില്‍ സഭയില്‍ ശക്തമായ ബഹളം. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടി വന്നു.

ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സീറ്റിലേക്ക് പോയി ആശ്ലേഷിക്കുന്നത്. ഇടക്ക് പ്രസംഗം നിര്‍ത്തി രാഹുല്‍ നടക്കുന്നത് കണ്ട സ്പീക്കറും സഭാംഗങ്ങളും കാര്യം തിരിയാതെ ആദ്യം അമ്പരന്നു. മോദിയുടെ ഇരിപ്പിടത്തിലേക്ക് നേരെ ചെന്ന രാഹുല്‍ അവരെ ആശ്ലേഷിച്ചു. ആദ്യം ഞെട്ടിയ മോദി പിന്നീട് തിരിച്ചു വിളിച്ച് വീണ്ടും കൈ കൊടുത്ത് ചിരിച്ചു കൊണ്ട് രാഹുലിനെ മടക്കിയക്കുകയായിരുന്നു.എന്നാല്‍ സഭക്കുള്ളി നാടകീയത വേണ്ടെന്ന ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതികരിച്ചു.