മഹാരാഷ്ട്ര മന്ത്രിസഭയില്‍ രാജിയെന്ന് അഭ്യൂഹം; നിഷേധിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍നിന്ന് ശിവസേന മന്ത്രി രാജിവെച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 30ന് ഉദ്ധവ് മന്ത്രിസഭയില്‍ സഹമമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം രാജി സംബന്ധിച്ച വാര്‍ത്ത ശിവസേന നിഷേധിച്ചു. മന്ത്രിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ രാജ്ഭവനില്‍ നിന്നോ സ്ഥിരീകരണവും വന്നിട്ടില്ലെന്നും സത്താര്‍ തന്നെ ഇതുസംബന്ധിച്ച് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ശിവസേന പ്രതികരിച്ചു. മന്ത്രിമാര്‍ രാജിവച്ചാല്‍ സാധാരണയായി രാജ്ഭവനിലേക്കോ മുഖ്യമന്ത്രിയിലേക്കോ രാജികത്ത് അയയ്ക്കുമെങ്കിലും ഇരുവര്‍ക്കും ഇതുവരെയും ഒരു വിവരവുമില്ല ലഭിച്ചിട്ടില്ലെന്നും ശിവസേന പ്രതികരിച്ചു.

സത്താര്‍ രാജിവച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും എന്നാല്‍ മന്ത്രിസഭയില്‍ യാതൊരു വ്യത്യാസങ്ങളുമുണ്ടായിട്ടില്ലെന്നും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സത്താര്‍ രാജിവച്ചതായി എനിക്കറിയില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ സമീറും പ്രതികരിച്ചു.

നേരത്തെ അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്കായി കാബിനറ്റ് സ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയതിനെതിരെയും എതിര്‍പ്പുകള്‍ തുടരുന്നതിനിടെയാണ് സത്താര്‍ രാജിവെച്ചന്ന വാര്‍ത്തയും പുറത്തുവരുന്നത്.

സിലോദ് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ശിവസേനയില്‍ ചേരുകയായിരുന്നു.

SHARE