മഹാരാഷ്ട്ര മോഡലില്‍ ഗോവയിലും കളം പിടിക്കാനൊരുങ്ങി ശിവസേന; അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്

മുംബൈ; മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന നീക്കം. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി.

ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കുകയാണെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരും രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി ഞങ്ങളുമായി ബന്ധപ്പെട്ടു. കുറഞ്ഞത് നാല് എംഎല്‍എമാരുമായി ആശയവിനിമയം നടന്നുവരുകയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയില്‍ വൈകാതെ രൂപംകൊള്ളും. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാം വാര്‍ത്താ ഏജന്‍സിയോട് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗോവ. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങള്‍. അങ്ങനെ ഇന്ത്യ മുഴുവന്‍ ഒരു ബിജെപി വിരുദ്ധ മഹാ രാഷ്ട്രീയ മുന്നണിയുണ്ടാക്കുംസഞ്ജയ് റാവത്ത് പറഞ്ഞു.