‘എന്‍ആര്‍സി മുസ്‌ലിംകള്‍ക്കെതിര്, നടപ്പിലാക്കരുത്’; ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍

ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്ററിനെതിനെ വിമര്‍ശനവുമായി ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. എന്‍ആര്‍സി മുസ്ലീങ്ങള്‍ക്കടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദള്‍ പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ മെച്ചപ്പെട്ട ഏകോപനം വേണ്ടതുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തില്‍ അതുണ്ടായിരുന്നുവെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാള്‍ വ്യക്തമാക്കി.

എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കരുത്. ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണം. എന്‍ആര്‍സി സംബന്ധിച്ച് മുസ്ലിം സമുദായാംഗങ്ങള്‍ക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിക്ക് എതിരാണ്. സര്‍ക്കാരാണ് നടപ്പിലാക്കില്ലെന്ന് പറയേണ്ടത്. ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ശിരോമണി അകാലിദള്‍ പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകും. മുസ്‌ലീങ്ങള്‍ അരക്ഷിതരാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. 1984ന് ശേഷം സിഖുകാര്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങി എന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും ഒരു തരത്തിലും അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുജ്‌റാള്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിം വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് ശിരോമണി അകാലിദള്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്ന വേളയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 6000 ത്തോളം സിഖ് സമുദായാംഗങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും തുടരണം. മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

SHARE