പാട്യാല: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സഖ്യ കക്ഷി തന്നെ രംഗത്ത്. പഞ്ചാബിലെ ശിരോമണി അകാലിദള്‍ ആണ് നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമഭേദഗതിയില്‍ മുസ്ലിംകളെയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളുമായി ഐക്യപ്പെട്ടു പോകുന്നതാകണം നിയമമെന്നും അദ്ദേഹം തുറന്നടിച്ചു.
പാകിസ്ഥാന്,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളെ ഒരു കാരണവശാലും പട്ടികക്കു പുറത്തു നിര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്ന വേളയിലും ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അതേ സമയം ബില്ലിന് അനുകൂലമായി വോട്ടും ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച ഘട്ടത്തില്‍ ബില്ലിനെ അദ്ദേഹം ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് മുസ്ലിംകളെ മാത്രം പുറത്താക്കുന്നതിന്റെ യുക്തിയെന്ന് അദ്ദേഹം ചോദിച്ചു. പ്രസ്തുത രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഒരുപാട് മുസ്ലിംകളുണ്ട്. പഞ്ചാബിലെ മുസ്ലിംകള്‍ക്കിടയിലെ അഹമ്മദിയ്യ വിഭാഗം തന്നെ ഒരു ഉദാഹരണമായി നമുക്കു മുമ്പിലുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷ മുസ്ലിംകളാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.