പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കാതെ യു.എ.ഇ; പുറംകടലില്‍ തുടരുന്നു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ അയച്ച കപ്പലുകള്‍ പുറംകടലില്‍. കപ്പലുകള്‍ ഇതുവരെ ദുബായ് തീരത്തേക്ക് അടുപ്പിക്കാനായില്ല എന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യു.എ.ഇ അറിയിച്ചതായാണ് സൂചന.

കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതിനായി ദുബായിലേക്ക് രണ്ടും മാലിദ്വീപിലേക്ക് രണ്ടും നാവികസേനാ കപ്പലുകളാണ് യാത്ര തിരിച്ചിട്ടുള്ളത്.

ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എട്ടാം തീയതിയാണ് മടക്കയാത്ര നിശ്ചയിച്ചിട്ടുള്ളത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനായിരുന്നു പദ്ധതി. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിയിലേക്കാണ് മടങ്ങുന്നത്. മൂന്നര ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് കപ്പലുകള്‍ ഇന്ത്യയിലെത്തുക.