ഒരേയൊരു പൂനിലാവ്


ഉമ്മന്‍ചാണ്ടി


ഒരേയൊരു ചന്ദ്രന്‍. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ അനുഭവമാണ്. അതായിരുന്നു ശിഹാബ് തങ്ങള്‍. കേരളത്തിന്റെ മൊത്തം ആദരം പിടിച്ചുപറ്റിയ ചുരുക്കം നേതാക്കളിലൊരാള്‍. മലപ്പുറത്തെ ഒരു ഗ്രാമത്തിലിരുന്ന് കേരളത്തെ കീഴടക്കിയ തങ്ങളുടെ ജാലവിദ്യ എന്താണെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹം അധികാരസ്ഥാനങ്ങള്‍ വഹി ച്ചിട്ടില്ല. ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഭരണഘടനാപരമായോ, വ്യവസ്ഥാപിതമോ ആയ മറ്റേതെങ്കിലും സ്ഥാനം വഹിച്ചിട്ടില്ല. നെടുങ്കന്‍ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തിയിട്ടില്ല. ഇതൊന്നുമില്ലാതെയും ജനഹൃദയങ്ങളെ കീഴടക്കാം എന്നു ജീവിതം കൊണ്ടു കാട്ടിത്തന്ന മഹാമേരുവാണ് പാണക്കാട് സയ്യിദ് മുഹമ്മലി ശിഹാബ് തങ്ങള്‍. കേരളം പരമ്പരാഗതമായി കാത്തു സൂക്ഷിച്ചിരുന്ന ചില മൂല്യങ്ങളെ തങ്ങള്‍ മാറോടു ചേര്‍ത്തുപിടിച്ചു. അത് മതേതരത്വമാണ്. വിപദ്‌സാഹചര്യങ്ങളും പ്രതിസന്ധികളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നിട്ടും അതില്‍ മായം ചേര്‍ക്കാനോ, അതിനെ വിട്ടുകളിച്ചു താത്ക്കാലിക നേട്ടം കൈവരിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. അതിനു കേരളം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമൂഹവും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമുദായത്തേയും മറ്റു സമുദായങ്ങളേയും തമ്മില്‍ കൂട്ടിയിണക്കിയ കണ്ണി തങ്ങളായിരുന്നു.