പിണറായി വിജയനെ ഉമ്മന്‍ ചാണ്ടിയുമായി താരതമ്യപ്പെടുത്തുന്നത് തെറ്റ്: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി താരതമ്യപ്പെടുത്തുന്നുവെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. അങ്ങനെ ചെയ്യുന്നത് വലിയ അനീതിയാണെന്ന് ഷിബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ജനകീയ നേതാവാണ്. എന്നാല്‍ പിണറായി ആളുകളില്‍ നിന്ന് അകന്നുകഴിയുന്ന ഒരു ഒറ്റപ്പെട്ട തുരുത്താണെന്നും ഷിബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തന്നെ ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പരിഹസിച്ചു കൊണ്ട് ആക്രോശിക്കുന്നത് കണ്ടു. ഞാനും അതിനെ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനോട് ചെയ്യുന്ന അനീതിയാണ്.

പിണറായി വിജയനും ഉമ്മൻചാണ്ടിയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്.

ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നുകഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയൻ.

സഹാനുഭൂതിയുടെയും മാനുഷികമൂല്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെങ്കിൽ പകയുടെയും പ്രതികാരത്തിൻ്റെയും വ്യക്തി വിദ്വാഷത്തിൻ്റെയും ക്രൗര്യമുഖമാണ് പിണറായി വിജയൻ.

അസാധാരണമായ ഗ്രാഹ്യശേഷിയും അസാമാന്യമായ വികസന കാഴ്ചപ്പാടുകളും അത് നടപ്പിലാക്കാനുള്ള ആർജവവുമുള്ള മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടിയെങ്കിൽ ഒരു വാർത്താ അവതാരകനെ പോലെ മറ്റാരോ എഴുതി കൊടുക്കുന്നത് വള്ളിപുള്ളി വിസർഗം വിടാതെ വായിക്കുക മാത്രം ചെയ്യുന്ന തികഞ്ഞ പരാജയമായ ഭരണാധികാരിയാണ് പിണറായി വിജയൻ.

ഉമ്മൻചാണ്ടിയെന്ന നേതാവിൻ്റെ, ഭരണാധികാരിയുടെ മഹത്വം ജനങ്ങൾ തിരിച്ചറിയുന്ന അവസരമാണിത്.

പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണ്. ഏകാധിപത്യ ശൈലിയിലും ജനാധിപത്യ വിരുദ്ധതയിലും സ്വജനപക്ഷപാതിത്വത്തിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാനുള്ള പ്രാപ്തി ഇല്ലായ്മയും പി ആർ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതിലുള്ള കേമത്തരത്തിലും ഇവർ തുല്യരാണ്. അല്ലാതെ ഉമ്മൻചാണ്ടിയെന്ന ജനനേതാവുമായി താരതമ്യം ചെയ്യാനുള്ള ഒരു അർഹതയും പിണറായി വിജയനില്ല.

SHARE