മോദി ‘രാമക്ഷേത്ര മതില്‍’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്‍’ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും നാളിതുവരെയുള്ള കീഴ്വഴക്കങ്ങളെയും ധാരണകളെയും തകര്‍ത്തു കൊണ്ടാണെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.

അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് മോദി ഗവണ്‍മെന്റ് സംഘ പരിവാറുകളെ പിന്തുണയ്ക്കുന്ന ഹിന്ദു സംഘടനകളുടെ യോഗം വിളിച്ച് ‘വനിതാ മതില്‍’ പോലെ ‘രാമക്ഷേത്ര മതില്‍’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് എങ്ങനെ പ്രതിരോധിക്കാനും പ്രതികരിക്കാനും സാധിക്കുമെന്ന് ഷിബു ചോദിച്ചു.

മോദി ചെയ്യാന്‍ ആഗ്ര ഹിക്കുന്ന നവോത്ഥാനവും പിണറായി പ്രഖ്യാപിച്ച ‘നവോത്ഥാന’വും ഭരണഘടനപരമല്ലാ എന്നത് തീര്‍ച്ച.
പതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ നവോത്ഥാന നായകര്‍ തകര്‍ത്തെറിഞ്ഞ ജാതി വ്യവസ്ഥിതിയെയും സാമൂദായിക അത്തയും പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പിണറായിക്കെതിരെ കേരളത്തില്‍ മതേതര വന്‍മതില്‍ ഉയരുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.

എല്ലാ ഭരണാധികാരികളും ഗവണ്‍മെന്റുകളും പ്രവര്‍ത്തിക്കേണ്ടുന്നത് പൂര്‍ണ്ണമായും ഭരണഘടനാനുസൃതമായിട്ടാണ്. നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഭരണഘടനയും നിയമ വ്യവസ്ഥയും ബാധകമല്ലായെന്നതരത്തില്‍ എങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഹിന്ദു മത സംഘടന കളുടെ മാത്രം യോഗം വിളിച്ച് ഹിന്ദു വനിതകളുടെ മതില്‍ പണിയുന്നതില്‍ ‘നവോത്ഥാനം’ എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മന:സിലാകുന്നില്ലാ. ചില ഹിന്ദു മത സാമുദായിക സംഘടനകളെ അധികാരത്തിന്റെ ബലത്തില്‍ തെറ്റിദ്ധരിപ്പിച്ച് ധ്രൂവീകരണത്തിന് ശ്രമിക്കുന്നത്, വിഘടനവാദ രാഷ്ട്രീയമാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഇതര മത-സാമൂദായിക സംഘടനകളെ ഗവണ്‍മെന്റ് ഒഴിവാക്കിയത് ഹിന്ദുമത സംഘടനകള്‍ ഒഴികെയുള്ള സംഘടനകള്‍ കേരളത്തില്‍ ‘നവോത്ഥാന’ത്തിന് എതിരായതുകൊണ്ടാണോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.

യോഗത്തില്‍ പങ്കെടുത്തവരുടെ പേരില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം നിലവില്‍ കേസുകള്‍ ഉണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഗവണ്‍മെന്റ് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോയൊന്നും ഷിബു ബേബിജോണ്‍ ചോദിച്ചു.