ലോകത്തെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ചയെ അറിയണോ?

മിക്ക വീടുകളിലും പൂച്ചയുണ്ടായിരിക്കും. വളര്‍ത്തു പൂച്ചയല്ലെങ്കിലും വീടിന് ചുറ്റും കാണുന്ന സ്ഥിരം കാഴ്ച്ചക്കാരാണ് പൂച്ചകള്‍. ആരേയും ഉപദ്രവിക്കാതെ കഴിഞ്ഞുകൂടുന്നവരായിരിക്കും ഇവര്‍. പൂച്ചകളെ ആര്‍ക്കും ഭയമുണ്ടാവുകയുമില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ഒരു പൂച്ചയുണ്ട്. ആരെയും ഭയപ്പെടുത്തുന്ന മുഖത്തോടും രൂപത്തോടും കൂടിയ ഒരു പൂച്ച. പേര് ഷെര്‍ദാന്‍, ആള് സ്വിറ്റ്‌സര്‍ലണ്ടുകാരനാണ്. ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന് ഔദ്യോഗികമായി തന്നെ ഷെര്‍ദാനെ വിശേഷിപ്പിച്ചു കഴിഞ്ഞു.

സ്പിന്‍ക്‌സ് ഇനത്തില്‍പ്പെട്ട പൂച്ചയാണ് ഷെര്‍ദാന്‍. ഈ ഇനത്തില്‍പെട്ട പൂച്ചകള്‍ക്ക് നമ്മുടെ നാട്ടില്‍ കാണുന്ന പൂച്ചകളെ പോലെ ദേഹത്ത് രോമം ഉണ്ടായിരിക്കുകയില്ല. ഇളം റോസ് നിറത്തിലുള്ള ചര്‍മാവരണം ആയിരിക്കും പൂച്ചയെ നോക്കുമ്പോള്‍ കാണാന്‍ കഴിയുക. ഒറ്റനോട്ടത്തില്‍ പന്നികുട്ടിയുടെ ശരീരം പോലെയും തോന്നും.

വലിയ ചെവികളും വലിയകണ്ണുകളുമുള്ള സ്പിന്‍ക്‌സ് പൂച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റും സാധാരണമാണ്. മനുഷ്യരോട് ഏറെ ഇണക്കം കാണിക്കുന്നവ തന്നെയാണ് ഈ പൂച്ചകള്‍. എന്നാല്‍ ഷെര്‍ദാന്‍ വ്യത്യസ്തനാകുന്നത് അവന്റെ ശരീരത്തില്‍ രോമങ്ങളില്ലാതെ അവന്‍ സ്പിന്‍ക്‌സ് പൂച്ച ആയത് കൊണ്ട് മാത്രമല്ല. മറ്റ് സ്പിന്‍ക്‌സ് പൂച്ചകളില്‍ നിന്നും വ്യത്യസ്തമായി ഷെര്‍ദാന്റെ ശരീരത്തില്‍ ചുളിവുകള്‍ വളരെ കൂടുതലാണ്. പ്രത്യേകിച്ച് അവന്റെ തലഭാഗത്തുള്ള ചുളിവുകള്‍ കണ്ടാല്‍ തലച്ചോറ് പുറത്ത് വന്നിരിക്കുകയാണെന്നേ തോന്നൂ.

സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയായ സാന്ദ്ര ഫിലിപ്പിയുടെ വളര്‍ത്തു പൂച്ചയാണ് ഷെര്‍ദാന്‍. ഒരിക്കല്‍ ഒരു യാത്രക്കിടയിലാണ് സാന്ദ്ര വളരെ ചെറിയ കുട്ടിയായിരുന്ന ഷെര്‍ദാനെ കണ്ടത്. കൗതുകവും ഇഷ്ടവും ഒരുമിച്ചു തോന്നിയ സാന്ദ്ര അവനെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്പിന്‍ക്‌സ് പൂച്ചയാണ് എന്നറിഞ്ഞു തന്നെയാണ് വളര്‍ത്താന്‍ എടുത്തത്.

എന്നാല്‍ ഷെര്‍ദാന്‍ വളരാന്‍ തുടങ്ങിയതോടെ മുഖത്തെ തീഷ്ണ ഭാവവും തൊലിപ്പുറത്തെ ചുളിവുകളും വര്‍ധിച്ചു. മാത്രമല്ല, വീട്ടില്‍ വരുന്ന ആളുകള്‍ക്ക് ഷെര്‍ദാനെ കാണുന്നത് തന്നെ ഭയമാണെന്ന അവസ്ഥയും വന്നു. അങ്ങനെ ഷെര്‍ദാന്‍ ചര്‍ച്ചാവിഷയമായി. ഒടുവില്‍ ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന പൂച്ച എന്ന പേരുമായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആളുകള്‍ കരുതുന്ന പോലെ ഒരു പ്രശ്‌നക്കാരന്‍ പൂച്ചയല്ല ഷെര്‍ദാന്‍ എന്നാണ് സാന്ദ്ര പറയുന്നത്.

വീട്ടുകാരുമായി ഏറെ ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്ന, കുട്ടികളുമായി കളിക്കുന്ന, കൊഞ്ചലും വാശിയുമുള്ള നല്ല ഉഷാറുള്ള പൂച്ചകുട്ടനാണ് ഷെര്‍ദാന്‍. തന്റെ വളര്‍ത്തു പൂച്ചയെ ആളുകള്‍ ഭയത്തോടെ നോക്കുന്നതില്‍ സാന്ദ്രക്ക് വിഷമം ഇല്ലാതെയില്ല. ജനിച്ച അന്നു മുതല്‍ ഷെര്‍ദാന്റെ ശരീരത്തില്‍ ചുളിവുകള്‍ ഉണ്ട്. വളര്‍ന്നപ്പോള്‍ അത് കൂടുതല്‍ ദൃശ്യമാവുകയായിരുന്നു.

ഇപ്പോള്‍ ആറു വയസ്സാണ് ഷെര്‍ദാന്റെ പ്രായം. വീട്ടിലെ കുട്ടികളെ നോക്കുന്നത് പോലെ തന്നെയാണ് സാന്ദ്ര ഷെര്‍ദാനെ നോക്കുന്നത്. അടുത്തിടെ ഷെര്‍ദാന്റെ ഒരു വിഡിയോ സാന്ദ്ര ട്വിറ്ററില്‍ പങ്കു വച്ചിരുന്നു. അതോടെയാണ് ഷെര്‍ദാന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. ഷെര്‍ദാന്റെ ചിത്രങ്ങള്‍ കണ്ടവര്‍ അവനെ പൂച്ച പിശാച്, തലച്ചോറ് പുറത്ത് വന്ന പൂച്ച, തലച്ചോറില്‍ പുഴുക്കളുള്ള പൂച്ച തുടങ്ങിയ കമന്റുകള്‍ പങ്കു വച്ചത് സാന്ദ്രക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു.

എന്നാല്‍ പിന്നീട് ഷെര്‍ദാനെ ആളുകള്‍ കൂടുതല്‍ അടുത്തറിയുന്നതിനായി സാന്ദ്ര അവന്റെ കൂടുതല്‍ ഫോട്ടോകളും വിശേഷങ്ങളും പങ്കു വയ്ക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന പേര് വീണെങ്കിലും പോലും പൂച്ച പ്രേമികളുടെ മനസ്സില്‍ ഷെര്‍ദാന്‍ ഇപ്പോള്‍ ഇടം പിടിച്ചു കഴിഞ്ഞു.

SHARE