ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല; സഊദി താരങ്ങളെ സ്വാഗതം ചെയ്യും: ഖത്തര്‍ വിദേശകാര്യമന്ത്രി

ദോഹ: രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ ഖത്തറുമായുള്ള സഊദി അറേബ്യയുടെ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല. ടെഹ്‌റാനുമായി ഖത്തര്‍ അത്ര ഊഷ്മളമല്ല.

ഇറാനുമായി അതിര്‍ത്തിയും എണ്ണപ്പാടവും പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്. സഊദി അറേബ്യയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാനുമായി നിരവധി വിഷയങ്ങളില്‍ രാജ്യത്തിന് ഭിന്നതകളുണ്ട്. എങ്കിലും ഖത്തര്‍ ആഗ്രഹിക്കുന്നത് മേഖലയുടെ സമാധാനമാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ വ്യത്യാസങ്ങളും തര്‍ക്കങ്ങളും യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല. സംവാദത്തിലൂടെ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളു.

തീവ്രവാദത്തിനെതിരേയുള്ള ഖത്തറിന്റെ പോരാട്ടത്തെക്കുറിച്ച് അമേരിക്കയ്ക്ക് തികഞ്ഞ ബോധ്യമുണ്ട്. അമേരിക്കയുമായി നടത്തിയ നയതന്ത്ര സംവാദത്തിലൂടെ ഖത്തര്‍ യു.എസിന്റെ പ്രധാന പങ്കാളിയാണെന്നത് വ്യക്തമായതാണ്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന സഊദി സഖ്യങ്ങളുടെ ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല. മുന്നോട്ടുവെച്ച ആരോപണങ്ങളില്‍ ഒരു തരത്തിലുമുള്ള തെളിവ് നല്‍കാന്‍ സഊദി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. പ്രതിസന്ധി നീണ്ടുപോകുകയാണെങ്കിലും 2022 ഫിഫ ലോകകപ്പില്‍ സഊദി താരങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്യും.കായികം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവയെ ഒന്നും ഖത്തര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയില്ല.
അവരാണ് കായികമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഞങ്ങള്‍ അവരോടു ഒന്നും ചെയ്യുന്നില്ല. ജി.സി.സിയിലെ എല്ലാവരെയും ലോകത്തുള്ള എല്ലാവരെയും തങ്ങള്‍ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്.
ഫുട്‌ബോളോ മറ്റെന്തെങ്കിലും കായികയിനങ്ങളോ കളിക്കുന്നതിനോ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനോ അവരെ സ്വാഗതം ചെയ്യുകയാണ്.

തങ്ങള്‍ക്ക് യാതൊരു സമ്മര്‍ദ്ദവുമില്ല. പ്രതിസന്ധി കാരണം കുടുംബങ്ങളിലും ജനങ്ങളിലുമുണ്ടായ വേര്‍പിരിയലിനാണ് തങ്ങളുടെ ആശങ്കയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നെങ്കിലും അതു പിന്നീട് പരിഹരിക്കാനായി. വികസന പദ്ധതികളുമായി ഖത്തര്‍ മുന്നോട്ടുപോകുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.