‘താന്‍ നിരപരാധി, സിപിഎമ്മുകാര്‍ കള്ളക്കേസില്‍ കുടുക്കുകയാണ്’; മുന്‍കൂര്‍ ജാമ്യം തേടി ഷഫീഖ് ഖാസിമി

തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യാപേക്ഷയില്‍ പറയുന്നു.

എസ്.ഡി.പി.ഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷഫീഖ് ഖാസിമി പറയുന്നു. അതേസമയം,
പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെണ്‍കുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു.

SHARE