‘ആരും എന്നോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യപ്പെട്ടില്ല’; ഷീല ദീക്ഷിത്

ന്യൂഡല്‍ഹി:ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ പരാമര്‍ശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിന്‍ നടത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ദീക്ഷിത് പറഞ്ഞു.

ബി.ജെ.പിക്ക് അനുകൂലമായാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം. ഈ അവസരത്തില്‍ കോണ്‍ഗ്രസ്സിന് ആത്മപരിശോധനയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചപറ്റിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ഷീലാ ദീക്ഷിത് പറഞ്ഞു. കെജ്‌രിവാളിനെ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിനേയും കെജ്‌രിവാളിനേയും താരതമ്യം ചെയ്യരുത്. ഉത്തരവാദിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ആരും പ്രചാരണത്തിന് തന്നോട് പറഞ്ഞില്ലെന്നും അതുകൊണ്ട് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിഹാരം കാണണമെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി മൂന്നാം തവണയും ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ബി.ജെ.പിയാണ് ജയിച്ചുകയറിയത്. കോണ്‍ഗ്രസ്സിനെ പിന്നിലാക്കി ആംആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കന്‍ രാജിവെച്ചു.

SHARE