തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ സൈബര്‍ ലോകത്ത് സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. സ്വപ്ന സുരേഷ് കോണ്‍ഗ്രസ് നേതാവിന്റെ മരുമകളാണ് എന്നും ഇവര്‍ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു എന്നു തുടങ്ങിയ വ്യാജപ്രചാരണങ്ങള്‍ ഇന്നലെ മുതല്‍ തന്നെ സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്.
തങ്ങള്‍ക്കൊപ്പമുള്ള യുവതി സ്വപ്ന സുരേഷ് ആണ് എന്ന തരത്തിലുള്ള വ്യാജപ്രചാരണമാണ് സര്‍ക്കാര്‍ അനുകൂല സൈബര്‍ പോരാളികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ പ്രചാരണം വ്യാജമാണ് എന്ന് വ്യക്തമാക്കി ഇവര്‍ തന്നെ രംഗത്തെത്തി.
പ്രവാസി സാമൂഹ്യ പ്രവര്‍ത്തകയും ഒ.ഐ.സി.സി നേതാവുമായ ഷീജ നടരാജിന്റെ ചിത്രമാണ് സ്വപ്നയുടേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. 2016 മാര്‍ച്ചില്‍ ബഹ്റൈനില്‍ തങ്ങള്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണിത്. താന്‍ സ്വപ്നയല്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഷീജയുടെ കുറിപ്പ് വായിക്കാം
പ്രിയരേ…ഞാൻ ഷീജ നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ ഐ സി സി യിൽ ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2016 മാർച്ച് മാസത്തിൽ ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.