പെരുന്നാള്‍ സന്തോഷത്തിലേക്ക് അവള്‍ വന്നു; ജീവിതം തന്നതിന് നന്ദിപൂര്‍വ്വം

അമ്മയുടെ കുഴിമാടത്തിനരികെ ഇരുന്ന് വിലപിക്കുന്ന ശ്രീലങ്കന്‍ യുവതി

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം.

ആറുമാസം മുമ്പാണ് ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും അമ്മയും ദോഹയിലെത്തിയത്. ഒരു തൊഴില്‍ ചെയ്ത് ജീവിതം കരപറ്റുകയായിരുന്നു ലക്ഷ്യം. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. സിങ്കപ്പൂരില്‍ സ്വര്‍ണ്ണവ്യാപാരമായിരുന്നു ഇവര്‍ക്ക്. ജ്വല്ലറികളില്‍ സ്വര്‍ണ്ണമെത്തിക്കുന്ന വ്യാപാരം തരക്കേടില്ലാതെ മുന്നോട്ടുപോവുന്നതിനിടയിലാണ് അച്ഛന്‍ മരണപ്പെടുന്നത്. പിന്നെ ആശ്രയം സഹോദരനായിരുന്നു. പക്ഷെ കുടുംബത്തെ നോക്കാന്‍ തയ്യാറാവാതെ അച്ഛന്റെ സമ്പാദ്യമായി ബാക്കിയുണ്ടായിരുന്ന സ്വര്‍ണ്ണക്കട്ടകളുമായി ഇയാള്‍ സ്ഥലം വിട്ടു; തന്റെ നോര്‍വ്വെക്കാരി കാമുകിയുമൊത്ത്.

ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് തൊഴില്‍ തേടി ഉപജീവനം കണ്ടെത്തുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നാട്ടില്‍ കാര്യമായ ജോലി കിട്ടിയില്ല. നാട്ടുകാരനായ ഒരു െ്രെഡവര്‍ സംഘടിപ്പിച്ചുകൊടുത്ത ബിസിനസ്സ് വിസയില്‍ ഖത്തറിലെത്തി.
അമ്മയെ തനിച്ചാക്കാനാവാത്തതിനാല്‍ കൂടെക്കൂട്ടി. ഖത്തറിലെത്തിയതിന്റെ പിറ്റേ ദിനത്തില്‍ തന്നെ മറ്റൊരാഘാതമായി അമ്മ ഹൃദയ സ്തംഭനം മൂലം മരിച്ചു. ഉറ്റവരില്‍ ബാക്കിയായ അമ്മയും മരണത്തിന് കീഴടങ്ങിയതോടെ 21 കാരിയായ ആ യുവതി തികച്ചും നിരാശ്രയായി. അമ്മയുടെ മൃതദേഹം മറവു ചെയ്യാന്‍ പോലും ആരുമില്ലാത്ത സാഹചര്യം വന്നു.

അബ്്ദുസ്സലാം

നാട്ടുകാരുള്‍പ്പെടെ ആരും സഹായത്തിനെത്താതിരുന്ന ആ സന്ദര്‍ഭത്തിലാണ് ഹമദ് മോര്‍ച്ചറിയില്‍ നിന്ന് ഈ വിവരമറിഞ്ഞ സന്നദ്ധപ്രവര്‍ത്തകന്‍ അബ്്ദുസ്സലാം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായെത്തിയത്. ദുഖാനിലായിരുന്നു മറവ് ചെയ്തത്. മറവു ചെയ്യാനായി കുഴിയെടുത്ത സ്ഥലത്തിരുന്ന് പൊട്ടിക്കരയുന്ന യുവതി ഇനി എങ്ങോട്ടുപോവണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയായിരുന്നു. ഒരാളും ആശ്രയമില്ലാതിരുന്ന ആ യുവതിയെ മദീനഖലീഫയിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു അബ്്ദുസ്സലാം. സലാമിന്റെ ഭാര്യ ഖമറുന്നിസ ആശ്രയമായി ഒപ്പം നിന്നു. പിന്നീട് സലാമിന്റേയും കുടുംബത്തിന്റേയും പിന്തുണയോടെ ടി സി സി എന്നൊരു കമ്പനിയില്‍ ജോലിയും തരപ്പെട്ടു.

ഇപ്പോള്‍ ഖത്തര്‍ എയര്‍വെയിസില്‍ ജീവനക്കാരനായ ശ്രീലങ്കന്‍ സ്വദേശിയുമായി വിവാഹമുറപ്പിച്ചിരിക്കുകയാണ്. ആരോരുമില്ലാതെ മറ്റൊരു രാജ്യത്ത് ഒറ്റപ്പെടുമായിരുന്ന തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കുടുംബത്തോട് എന്നും കടപ്പെട്ടവളെപ്പോലെയാണ് അവള്‍ പെരുന്നാളിനെത്തിയത്.
പേരും ഊരുമറിയാത്തവരുടെ ദു:ഖത്തിലും ദുരിതത്തിലും താങ്ങാവുന്ന സലാമിനും കുടുംബത്തിനുമാവട്ടെ മറ്റൊരു അഭിമാന നിമിഷവും.

SHARE