ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ രാജ്‌നാഥ് സിങിനെതിരെ എസ്.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴഞ്ഞ പറ്റ്‌നസാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെതിരെ ലക്‌നോവില്‍ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി ആലോചിക്കുന്നു. അതേ സമയം കോണ്‍ഗ്രസ് ജിതിന്‍ പ്രസാദിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ പൂനം സിന്‍ഹയെ മത്സരിപ്പിക്കുന്നതില്‍ നിന്നും പാര്‍ട്ടി പിന്‍വാങ്ങുമെന്ന് എസ്.പി നേതാക്കള്‍ അറിയിച്ചു. എസ്.പിയില്‍ ചേരുമോ എന്ന ചോദ്യത്തിന് ഇക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും താമസിയാതെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നുമായിരുന്നു പൂനം സിന്‍ഹയുടെ പ്രതികരണം. ബി.ജെ.പിയുടെ സിറ്റിങ് എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും കഴിഞ്ഞ ദിവസം ബി.ജെ.പി ഒഴിവാക്കിയിരുന്നു. സിന്‍ഹക്കു പകരം കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബി.ജെ.പി പറ്റ്‌നസാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ രവി ശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കുമെന്നാണ് കരുതുന്നത്. ഇന്നോ നാളെയോ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.