‘പൗരത്വ രജിസ്റ്ററിനോട് ജനങ്ങള്‍ സഹകരിക്കരുത്’; രാജിവെച്ച മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധമുയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലിന്റെ കത്ത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായി ഇന്നലെ അടയാളപ്പെടുത്തിയെന്ന് ശശികാന്ത് സെന്തില്‍ പറഞ്ഞു.

‘നിങ്ങളുടെ സര്‍ക്കാരിനെ നയിക്കുന്ന വിദ്വേഷത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരാളം വെളിപ്പെടുത്തിക്കൊണ്ടാണ് നിങ്ങള്‍ ബില്ലിനെതിരെയുള്ള വിമര്‍ശനങ്ങളെ നേരിട്ടത്. മുസ്ലീം, ആദിവാസി സഹോദരങ്ങളുടെ മതേതരത്തെക്കുറിച്ചുള്ള ആശങ്കകള്‍ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടതില്‍ എനിക്ക് തികച്ചും ലജ്ജ തോന്നുന്നു.’ കത്തില്‍ സെന്തില്‍ പറയുന്നു. ഈ വര്‍ഗ്ഗീയ ബില്ലിനെ പൗരന്‍മാര്‍ നിരസിക്കണമെന്ന് ശശികാന്ത് സെന്തില്‍ പറഞ്ഞു. ‘ഈ വര്‍ഗ്ഗീയ ബില്ലിനെ പൗരന്‍മാര്‍ നിരസിക്കണം. പൗരത്വ രജിസ്റ്ററിനെ അംഗീകരിക്കില്ല. എന്റെ പൗരത്വം തെളിയിക്കാനുള്ള ഒരു രേഖകളും ഹാജരാക്കുകയുമില്ല. ഇതിന് എന്തു ശിക്ഷയും ഏറ്റുവാങ്ങുമെന്നും സെന്തില്‍ പറഞ്ഞു. ഇന്ത്യന്‍ പൗരനല്ലെന്ന് വിധിക്കുകയാണെങ്കില്‍ പൂര്‍ണ്ണ സന്തോഷവാനാകുമെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.

കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ എഐഎസിനു പിന്നാലെയായിരുന്നു ശശികാന്ത് സെന്തിലിന്റെ രാജി. കര്‍ണാടകയിലെ യുവ ഐഎഎസ് ഓഫീസറായിരുന്നു ശശികാന്ത് സെന്തില്‍. ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. 2009 ബാച്ച് ഐഎഎസ് ഓഫീസറാണ് ശശികാന്ത് സെന്തില്‍.

തമിഴ്‌നാട് സ്വദേശിയാണ് രാജിവെച്ച ശശികാന്ത് സെന്തില്‍. ഇദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിക്കുകയായിരുന്നു. മുന്‍കാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുന്നുവെന്ന് സെന്തില്‍ തന്റെ രാജിക്കത്തില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്നും അതുകൊണ്ട് തന്നെ ഐഎഎസ് രംഗത്തുനിന്നും പുറത്തുകടക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രാജിയെങ്കിലും സാധാരണ നിലയിലല്ലെന്നും സെന്തില്‍ കത്തില്‍ പറയുന്നു.

2009 മുതല്‍ 2012 വരെ ബല്ലാരിയില്‍ അസിസ്റ്റന്റ് കമ്മീഷണറായി ശശികാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ ശിവമോഗ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി വഹിച്ചു. ചിത്രദുര്‍ഗ, റായ്ചൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. 2016 നവംബര്‍ മുതല്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ഡയറക്ടറാണ് ശശികാന്ത് സെന്തില്‍.

SHARE