മോദിയേയും തരൂരിനേയും സാമ്യപ്പെടുത്തി ഫറാ ഖാന്‍; മറുപടിയുമായി തിരുവനന്തപുരം എംപി

Chicku Irshad

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെ ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യമുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിമായി താരതമ്യം ചെയ്ത് ഫറാ ഖാന്‍ അലി. ട്വിറ്ററിലൂടെയായിരുന്നു ബോളിവുഡ് നടന്‍ ഋത്വിക് റോഷന്റെ ബന്ധു കൂടിയായ ജ്വല്ലറി ഡിസൈനര്‍ ഫറാ ഖാന്‍ അലിയുടെ ട്രോള്‍.

പ്രധാനമന്ത്രി മോദിയുടെ ‘ഉന്നത ഹിന്ദി ഭാഷ’, ശശി തരൂരിന്റെ ‘ഉന്നത ഇംഗ്ലീഷ്’ പോലെയാണെന്നായിരുന്നു ഫറാ ഖാന്റെ താരതമ്യപ്പെടുത്തല്‍.

‘ശശി തരൂറിനും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പൊതുവായ ചിലത് ഉണ്ട്. ഒരാള്‍ ഉയര്‍ന്ന ഇംഗ്ലീഷില്‍ സംസാരിക്കുന്നു, ഒരാളോ അത്തരം ഉയര്‍ന്ന ഹിന്ദിയില്‍ സംസാരിക്കുന്നു. എന്നാല്‍ ജനസംഖ്യയുടെ വളരെ കുറച്ച് ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത് മനസ്സിലാക്കുന്നുള്ളൂ, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസംഗത്തിനുപിന്നാലെ ഫറാ ഖാന്‍ അലി ട്വീറ്റ് ചെയ്തു.

എന്നാല്‍ ഫറാ ഖാന്റെ മോദിയുമായുള്ള സാമ്യപ്പെടുത്തലിന് മണിക്കൂറകള്‍ക്കുള്ളില്‍ തന്നെ മറുപടി ട്വീറ്റുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

‘പ്രധാന വ്യത്യാസമായി ഞാന്‍ അര്‍ത്ഥമാക്കുന്നത് ഞാന്‍ പറയുന്നതും ഞാന്‍ ചെയ്യുന്നതും എന്നതിലാണെന്ന് പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും ട്രോളികൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ പറയുന്നത് ഞാന്‍ ചെയ്യും എന്നതാണ് ഇതിലെ വ്യത്യാസമെന്നും തിരുവനന്തപുരം എംപി അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ഹിന്ദിയും അതിലെ താഴ്ന്ന യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം കഴിഞ്ഞ ആറ് വര്‍ഷമായി പ്രകടമാണെന്നും, ട്വീറ്റില്‍ തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ മറുപടി ട്വീറ്റ് കൂടി വന്നതോടെ മോദിയെ കുറിച്ചുള്ള ഫറാ ഖാന്റെ ട്രോളിന് വലിയ പ്രതികരണമാണ് ലഭിച്ചത്. സല്‍മാന്‍ ഖാന്റെ സിനിമാ ഡയലോഗടിച്ച് തരൂര്‍ കസറിയെന്നാണ് ഒരാള്‍ കുറിച്ചത്. മോദി സംസാരിക്കുന്നത് നിലവാരമുള്ള ഹിന്ദിയോ എന്നായിരുന്നു എഴുത്തുകാരിയായ അന്ന വെട്ടികാടിന്റെ ട്വീറ്റ്.

അതേസമയം, പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തിലും പരിഹാസവുമായി കോണ്‍ഗ്രസ് എംപി രംഗത്തെത്തി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നായിരുന്നു തരൂരിന്റെ പരിഹാസം.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. വെറുവാക്കായി മാറിയ മേക്ക് ഇന്‍ ഇന്ത്യയുടെ അതേആശയം പുതിയ രൂപത്തില്‍ വീണ്ടും അവതരിപ്പിക്കുന്നതിനെയാണ് തരൂര്‍ പരിഹസിച്ചത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ശശി തരൂര്‍ എം.പി. സംസ്ഥാനത്തും സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തും നടത്തുന്ന ഇടപെടലുകള്‍ ഏറെ പ്രശംസ നേടിയിരുന്നു. യൂറോപ്പില്‍ നിന്നും അത്യാധുനിക സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ സ്വന്തം മണ്ഡലത്തിലെത്തിച്ച് തരൂര്‍ രാജ്യത്തെ അമ്പരപ്പിച്ചിരുന്നു.

SHARE