പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ കക്ഷി നേതാവാകാന്‍ തയ്യാറെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ശശി തരൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ ഗാന്ധിയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇപ്പോഴും ബി.ജെ.പിയെ നേരിടാന്‍ കഴിവുള്ള വിശ്വാസയോഗ്യമായ പാര്‍ട്ടി കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിക്കു കീഴില്‍ തന്നെ പാര്‍ട്ടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ശക്തി പ്രാപിക്കാനുള്ള എത്രയും പെട്ടെന്നുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം തവണയാണ് ശശി തരൂര്‍ പാര്‍ലമെന്റിലേക്ക് എത്തുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെതിരെ മിന്നുന്ന വിജയമാണ് ശശി തരൂര്‍ തിരുവനന്തപുരത്ത് കാഴ്ച വെച്ചത്.

SHARE