മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം വായനയാണെന്ന് ശശി തരൂര്‍.
വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി മാനസികോന്മേഷവും അതോടൊപ്പം അറിവും സമ്മേളിച്ച ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതല്‍ ആരംഭിച്ച വായനയാണ് തന്നെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്നും താന്‍ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഫലപ്രദമായ രീതിയില്‍ നിര്‍വഹിക്കാന്‍ വായന വലിയ തോതില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ന്നു വരുന്ന കുട്ടികള്‍ ഭാവനകള്‍ ഒന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത ദൃശ്യ മാധ്യമങ്ങളില്‍ മുഴുകാതെ സര്‍ഗാത്മകതയും ചിന്തകളും പരിഭോഷിപ്പിക്കുന്ന അക്ഷരങ്ങളുടെ ലോകത്തേക്ക് വഴി നടക്കണം എന്ന് ആവശ്യപ്പെട്ട ശശി തരൂര്‍ സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്നോട്ട് വെച്ച ഹോം ലൈബ്രറികള്‍ അതിനൊരു വഴിയൊരുക്കുമെന്നും ആശംസിച്ചു.
ചടങ്ങില്‍, സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ മുന്നൂറോളം വരുന്ന ഹോം ലൈബ്രററികളുടെ ഉഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വായന എന്നത് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു സംസ്‌കാരമായി കൊണ്ട് വരാനാണ് സ്‌കൂള്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.