ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് പിഴവുകളുളള കോവിഡ് റാപിഡ് ആന്റിബോഡി കിറ്റുകള്‍ വാങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമര്‍ശനം. വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും പരാജയമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണിതെന്നും തരൂര്‍ പറഞ്ഞു. പൊതുപണം പാഴാക്കുന്നതിനും പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതിനും ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
‘യുഎസ്, ദക്ഷിണകൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേത് പോലെ കിറ്റുകള്‍ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുകയാണ് പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തിയില്ല’ തരൂര്‍പറഞ്ഞു. ഫലപ്രദമല്ലെന്ന പരാതികളെ തുടര്‍ന്ന് റാപിഡ് ആന്റിബോഡി ടെസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ ഇതിന്റെ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഐ.സി.എം.ആര്‍ ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ രണ്ട് ചൈനീസ് കമ്പനികളില്‍ നിന്നായി അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. ഇത് വിവിധ സംസ്ഥാനങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. ഇതു ഗുണകരമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വ്യാപക പരാതി.
മറ്റു രാജ്യങ്ങളില്‍നിന്നു സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പാഠം പഠിക്കാതെയാണ് ചൈനയില്‍നിന്ന് പിഴവുകളുള്ള കിറ്റുകള്‍ വാങ്ങിയത് വിഡ്ഢിത്തരമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. മറ്റുള്ളവര്‍ ചെയ്ത തെറ്റ് ആവര്‍ത്തിച്ചു. പൊതുജനാരോഗ്യത്തിനും പൊതുപണത്തിനും ഉത്തരവാദിത്തമില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും സര്‍ക്കാരിന്റെ പരാജയം എത്രത്തോളമുണ്ടെന്ന് ഇത് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.