‘ഇതാണെന്റെ കേരളാ മോഡല്‍’; രക്ഷാ ദൗത്യത്തില്‍ ഏര്‍പെട്ടവരെ അഭിനന്ദിച്ച് ശശി തരൂര്‍


ന്യൂഡല്‍ഹി: കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം സുരക്ഷപോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികളെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. പ്രളയവും മഹാമാരിയും പോലുള്ള ദുരന്തമുഖങ്ങളില്‍ ഐക്യവും ഉത്സാഹവും പ്രകടിപ്പിക്കുന്നതു കൊണ്ടാണ് മലയാളികള്‍ വേറിട്ട് നില്‍ക്കുന്നതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘കേരളീയര്‍ പ്രവര്‍ത്തന നിരതരാണ്, പ്രളയത്തിലും മഹാമാരിയിലും ഇപ്പോള്‍ വിമാനദുരന്തത്തിലും മലയാളി പ്രകടിപ്പിക്കുന്ന ഉത്സാഹവും ഐക്യവുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഒരപകടം ഉണ്ടായപ്പോള്‍ മതമോ ജാതിയോ വര്‍ഗമോ പരിഗണിക്കാതെ അവര്‍ അവിടേയ്ക്ക് ഓടിയെത്തി. ഇതാണെന്റെ കേരള മോഡല്‍!’ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കനത്ത മഴയേയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളിലെത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രതയായിരുന്നു കാണിച്ചത്. ഇത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കി. രാത്രി വൈകിയും നിരവധി പേരാണ് രക്തബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നത്.

ഇന്നലെ രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേരാണ് മരണമടഞ്ഞത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

SHARE