കോവിഡിന്റെ മറവില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കരുത്; ആരോഗ്യസേതു ആപ്പില്‍ ആശങ്ക അറിയിച്ച് ശശി തരൂര്‍


ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ എംപി. കോവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള(സര്‍വൈലന്‍സ് സ്റ്റേറ്റ്) അവസരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ശശി തരൂര്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

‘സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും അരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വകാര്യതയേയും വിവര സുരക്ഷയേയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ‘രഹസ്യനിരീക്ഷണ ഭരണകൂട’ത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു ഒഴികഴിവായി കോവിഡ് 19 മാറരുത്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ പരിശോധിക്കാനായി നിര്‍മിച്ച ആരോഗ്യ സേതു ആപ്പിന് ഒരു വ്യക്തി നില്‍ക്കുന്ന സ്ഥലം അറിയാനാകും. കോവിഡ് നിരീക്ഷണത്തില്‍ ഉള്ളവരുമായി ബന്ധപ്പെടുന്നവരുടെ സാന്നിധ്യം ഇത് അറിയിക്കുന്നു. രാജ്യത്ത് മൂന്നാം ഘട്ട കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശം വച്ചത്.

വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും പറഞ്ഞിരുന്നു. കോവിഡ് കണ്ടെന്‍മെന്റ് സോണില്‍ താമസിക്കുന്നവരും ഇത് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശത്തിനെതിരെ വിവിധ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും സര്‍ക്കാരിനെതിരെ വിമര്‍ശമവുമായി രംഗത്തു വന്നു.

‘സര്‍ക്കാര്‍ സംവിധാനങ്ങളുടെ മേല്‍നോട്ടമില്ലാതെ, ആപ്പിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏല്‍പിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യ നമ്മെ സുരക്ഷിതരാക്കും. പക്ഷേ, അനുവാദമില്ലാതെ ജനങ്ങളെ നിരീക്ഷിക്കാന്‍ രോഗഭീതി ആയുധമാക്കരുത്’ – രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഓരോ ദിവസവും പുതിയ കള്ളം പറയുകയാണെന്നു കേന്ദ്ര നിയമ, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. ജീവിതകാലം മുഴുവന്‍ മറ്റുള്ളവരെ രഹസ്യമായി നിരീക്ഷിച്ചവര്‍ക്ക് നല്ല കാര്യങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് മനസ്സിലാവില്ല. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ആപ്പിലുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞു.

SHARE