തനിക്ക് അസാധാരണമായ ഒരു വാക്കു പറഞ്ഞുതരാന്‍ ശശി തരൂരിനോട് വിദ്യാര്‍ഥി; ഇതിലും മികച്ച മറുപടിയില്ലെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പുത്തന്‍ വാക്കുകള്‍ ഉപയോഗിച്ച് ആളുകളെ ഞെട്ടിക്കുന്ന പതിവ് ശശി തരൂര്‍ എം.പിയുടെ പതിവ് രീതിയാണ്. തരൂരിന്റെ ട്വീറ്റുകളോ പ്രസംഗങ്ങളോ പുറത്തുവരുമ്പോള്‍ ഇത്തവണ അദ്ദേഹം നല്‍കുന്ന വാക്ക് എന്തായിരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയാണ് സോഷ്യല്‍ മീഡിയക്ക്. ചിലസമയങ്ങളില്‍ ഇത് ട്രോളുമാകാറുണ്ട്.

എന്നാല്‍ ഇത്തവണ തരൂര്‍ നല്‍കിയ വാക്കിന് പകരം നല്‍കാന്‍ മറ്റൊന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. തന്നോട് ഒരു വിദ്യാര്‍ഥി പുതിയതായി ഒരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടുവെന്നും അതിന് നല്‍കിയ മറുപടി ഇതാണെന്നും കുറിച്ച് തരൂര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് തങ്ങള്‍ക്ക് പുതിയൊരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിന് തരൂര്‍ നല്‍കിയ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. ‘വായന’ എന്ന പദമാണ് അദ്ദേഹം കുട്ടികള്‍ക്കായി നല്‍കിയത്.

”ഞാന്‍ നിങ്ങള്‍ക്ക് സാധാരണവും പഴയതുമായ ഒരു വാചകം നല്‍കാം. അത് മാത്രമാണ് എനിക്ക് പദ സമ്പത്ത് ഉണ്ടാക്കാന്‍ ഒരേ ഒരു വഴി. എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറിക്കനാണ് ഞാനെന്നാണ് ആളുകള്‍ കരുതുന്നത്. ഞാന്‍ ജീവിതത്തില്‍ വല്ലപ്പോഴും മാത്രമേ ഡിക്ഷ്ണറി തുറന്നിട്ടുള്ളൂ. ഞാന്‍ ടിവിയോ  കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഒന്നുമില്ലാതിരുന്ന ഇന്ത്യിയലാണ് ജീവിച്ചത്. എനിക്ക് ഉണ്ടായിരുന്നതെല്ലാം പുസ്തകങ്ങളായിരുന്നു.” – ശശി തരൂര്‍ പറഞ്ഞു. 

SHARE