ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി: മലയാളികളായ ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ഫെബ്രുവരി 25ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഇംഗ്ലീഷ് കഥേതര വിഭാഗത്തില്‍ ശശി തരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകള്‍ തുറന്നുകാട്ടുന്നതാണ് തരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ്’. കെ സച്ചിദാനന്ദന്‍, സുകന്ദ ചൗധരി. ജിഎന്‍ ദേവി എന്നിവരംഗങ്ങളായ ജൂറിയാണ് ശശി തരൂരിന്റെ കൃതി തെരഞ്ഞെടുത്തത്. രാജ്യത്തെ വീണ്ടും ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകരുതെന്നാണ് തന്റെ അപേക്ഷയെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

മലയാളം വിഭാഗത്തില്‍ വി മധുസൂദനന്‍നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതക്കാണ് പുരസ്‌കാരം. എല്ലാ നന്മകളും അന്യം നിന്ന് പോകുന്ന ഒരു നഗരത്തില്‍ അച്ഛന്‍ മകളെയും കൊണ്ട് നടത്തുന്ന മാനസ സഞ്ചാരമാണ് മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതയുടെ പ്രമേയം.

എന്‍എസ് മാധവന്‍, ഡോ. ചന്ദ്രമതി, പ്രൊഫസര്‍ എം തോമസ് മാത്യ എന്നിവരംഗങ്ങളായ ജൂറിയാണ് മധുസൂദനന്‍നായരുടെ കൃതി തെരഞ്ഞെടുത്തത്. 23 ഭാഷകളിലെ പുരസ്‌കാരമാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 ന് ദില്ലിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപയും ഫലകവും പുരസ്താര ജേതാക്കള്‍ക്ക് സമ്മാനിക്കും.