വ്യാജപ്രചാരണം; കൈരളി ചാനലിനെതിരെ നിയമ നടപടിയുമായി ശശി തരൂര്‍


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ഡോ. ശശി തരൂര്‍ എംപി. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ തനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി തന്നെ ബന്ധപ്പെടുത്തി അസത്യമായ അപവാദപ്രചരണം നടത്തിയതിന് കൈരളിക്കെതിരേ അഭിഭാഷകനായ ബി എസ് സുരാജ് കൃഷ്ണ മുഖേന വക്കീല്‍ നോട്ടീസ് അയച്ചതായി ഫേസ്ബുക്ക് പോസ്റ്റില്‍ ശശി തരൂര്‍ അറിയിച്ചു.

ആറു പേജുള്ള വക്കീല്‍ നോട്ടീസ് ആണ് അയച്ചത്. രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തിപരമായ തേജോവധത്തിന് താന്‍ വളരെയധികം ഇരയായിട്ടുണ്ടെന്നും അതിനാല്‍ ഇതെല്ലാം സഹിക്കുന്നതിന് പരിധിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വക്കീല്‍ നോട്ടീസിന്റെ ഒന്നും ആറും പേജുകളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.തിരുവനന്തപുരത്തെ എംപിയെന്ന നിലയില്‍ ഇക്കാര്യം വേഗത്തില്‍ പരിശോധിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

SHARE