സ്വപ്‌ന സുരേഷിനെ അറിയില്ല; ജോലിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ശശി തരൂര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് ശശി തരൂര്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ആരുമായും ബന്ധമില്ലെന്നും അവരെ അറിയുകയുമില്ലെന്നും തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലാണ് തരൂരിന്റെ പ്രതികരണം.

സ്വപ്‌ന സുരേഷിന് ജോലിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ശുപാര്‍ശയില്‍ ആരും കോണ്‍സുലേറ്റില്‍ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവര്‍ക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി.

വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയമനങ്ങള്‍ നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സ്യുലേറ്റ് ഉദ്ഘാടനം ചെയ്തത്. അന്ന് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എംപിയായിരുന്നു താന്‍ എന്നും ശശി തരൂര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

SHARE