മോദി സോഷ്യല്‍ മീഡിയ അവസാനിപ്പിക്കുന്നത് നിരോധനത്തിന്റെ ആദ്യ പടിയെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയുടെ ഉപയോഗം അവസാനിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിക്കപ്പെടാന്‍ പോവുന്നതിന്റെ ആദ്യ പടിയാവാമെന്ന് ശശി തരൂര്‍ എം.പി. ‘സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പെട്ടന്നുള്ള പ്രഖ്യാപനം വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. സോഷ്യല്‍ മീഡിയ രാജ്യത്ത് നിരോധിക്കപ്പെടുന്നതിന്റെ ആദ്യ പടിയാവാം പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. വെറുപ്പ് പ്രചരിപ്പിക്കാന്‍ മാത്രമല്ല ഒരുപാട് നല്ലകാര്യങ്ങള്‍ പങ്കുവെക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രിക്കറിയാം’-തരൂര്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ പുതിയ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കാനുള്ള നീക്കമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മോദി വിമര്‍ശകനും സാമൂഹിക പ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തത്. ഞായറാഴ്ച മുതല്‍ മുഴുവന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും ഉപയോഗം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

SHARE