മൃദു ഹിന്ദുത്വം കോണ്‍ഗ്രസിന് അപകടം ചെയ്യുമെന്ന് ശശി തരൂര്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടുപിടിക്കുന്നത് വഴി പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എം.പി. തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ഡ്രൊടക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനാര്‍ഥം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ ആക്രമണോത്സുകമായ പ്രവണതകള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇങ്ങനെയുള്ള പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തി വിശ്വാസികളുടെ ഒപ്പമാണ് താനെന്നും തരൂര്‍ പറഞ്ഞു. നിലവില്‍ അധികാരത്തിലുള്ളവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാത്തവരാണെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് അവരെന്നും തെരഞ്ഞെടുപ്പ് മാത്രമാണ് അതിന് പിന്നിലെ ലക്ഷ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബി.ജെ.പിയുടെ അതേ നിലപാട് അനുകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂര്‍ പറഞ്ഞു. അതൊരുതരം അനുകരണം മാത്രമായി മാറുമെന്നും, യാഥാര്‍ത്ഥ്യം മുന്നിലുള്ളപ്പോള്‍ അനുകരിക്കുന്നതിനെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE