മത്സ്യ തൊഴിലാളികളുമായുള്ള എന്റെ ബന്ധത്തെ തകര്‍ക്കാനാവില്ല: ശശി തരൂര്‍

തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും എനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ കുപ്രചാരണങ്ങള്‍ ഒന്നും തന്നെ ഞാനും തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുമായുള്ള ദീര്‍ഘകാലത്തെ ബന്ധം തകര്‍ക്കുവാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്നു നിന്ന് ഈ രാഷ്ട്രീയനാടകങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യ തൊഴിലാളികളോട് വോട്ട് ചോദിച്ചെത്തിയ തരൂര്‍ മീന്‍ എടുത്ത് ഉയര്‍ത്തിയുള്ള ഫോട്ടോയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍്ണരൂപം:

മത്സ്യത്തൊഴിലാളി കൂട്ടായ്മയും യൂത്ത് കോണ്‍ഗ്രസ് കേരള പ്രവര്‍ത്തകരും സംയുക്തമായി റാലിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. എല്‍ ഡി എഫും ബിജെപിയും എനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ കുപ്രചരണങ്ങള്‍ ഒന്നും തന്നെ ഞാനും തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുമായുള്ള ദീര്‍ഘകാലത്തെ ബന്ധം തകര്‍ക്കുവാന്‍ കഴിയുന്നവയല്ല. ഞങ്ങള്‍ ഒരുമിച്ച് നിന്നു ഈ രാഷ്ട്രീയനാടകങ്ങളെ ചെറുക്കും!
നയിക്കേണ്ടത്രാഹുല്‍ജയിക്കേണ്ടത്തരൂര്‍ തിരുവനന്തപുരത്തിനൊപ്പംതരൂര്‍

നേരത്തെ പാളയം മത്സ്യ മാര്‍ക്കറ്റിലെത്തിയ ശശി തരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വലിയ ഉത്സാഹമാണ് സത്യസന്ധമായി സസ്യഭുക്കായ തനിക്ക് പോലും അനുഭവപ്പെട്ടതെന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം തരൂര്‍ ട്വീറ്റ് ചെയ്തതിലെ squeamishly എന്ന വാക്ക് ഇടതു നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഈ വാക്കിനെ മീന്‍ മണം വരുമ്പോള്‍ ഓക്കാനം വരുന്നതായി തരൂര്‍ പറഞ്ഞതായി വ്യാഖ്യാനിച്ച ഇടത് നേതാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ചില മാധ്യമങ്ങളും സി.പി.എം പ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരും ഇത് ഏറ്റു പിടിച്ചു. തുടര്‍ന്നാണ് മറുപടിയുമായി തരൂര്‍ രംഗത്ത് വന്നത്.