ഷാറൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു


ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്. കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐസിയു 15 ബെഡോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ തന്നെ കെട്ടിടം ക്വാറന്റീന്‍ കേന്ദ്രമാക്കാനായി ഷാരൂഖ് ഖാന്‍ വിട്ടുനല്‍കിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോള്‍ കൊവിഡ് ഐസിയു ആക്കിയത്.

ക്വാറന്റീന്‍ കേന്ദ്രമാക്കി വിട്ടുനല്‍കിയതു മുതല്‍ ഇവിടെ 66 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 54 പേരും ഇതിനോടകം രോഗമുക്തി നേടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഭാവനകളാണ് ഇതിനോടകം ഷാരൂഖ് നല്‍കിയത്.

രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധയേറ്റ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഇന്ന് 9,181 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 293 പേര്‍ കൂടി മരിച്ചു. ഇന്ത്യയില്‍ കൊവിഡ് മരണം 45,000 കടന്നു. 24 മണിക്കൂറിനിടെ 53,601 പോസിറ്റീവ് കേസുകളും 871 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 2,268,675 ഉം ആകെ മരണം 45,257 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6,39,929 ആണ്.

SHARE