പ്രണബ് മുഖര്‍ജി ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ?; നിലപാട് വ്യക്തമാക്കി മകള്‍

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ. അച്ഛന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയേക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശര്‍മ്മിഷ്ഠയുടെ പ്രസ്താവന.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രണബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് റാവത്ത് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.