ഷാര്‍ജയില്‍ അഗ്നിക്കിരയായ ചരക്കുകപ്പലില്‍ നിന്ന് 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഷാര്‍ജ: ഷാര്‍ജയില്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്ന ചരക്കുകപ്പലില്‍ നിന്ന് തൊഴിലാളികളായ പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഷാര്‍ജയിലെ ഖാലിദ് തീരത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഗ്നിരക്ഷാ സേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ മൂലം ആളപായമോ ആര്‍ക്കും ഗുരുതരമായ പരിക്കുകളോ ഇല്ല.

അതേസമയം അപകടത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. ആറായിരം ഗാലന്‍ ഡീസലും നൂറ്റി ഇരുപതോളം വരുന്ന കയറ്റുമതി വാഹനങ്ങളും 300 ടയറുകളും പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം കണ്ടെത്തുന്നതിനായി ഷാര്‍ജ പൊലീസിലെ ഫോറന്‍സിക് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

തീപിടിച്ച വിവരം കിട്ടി അഞ്ചു മിനിറ്റിനകം തന്നെ പ്രതിരോധ വിഭാഗം സംഭവസ്ഥലത്തെത്തിയതിനാല്‍ വലിയ അപകടം ഉണ്ടായില്ല. ഏഴു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ അപകടനില പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

ഖാലിദ് തീരത്ത് ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. ഷാര്‍ജ പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് എല്ലാ കപ്പല്‍ ജീവനക്കാര്‍ക്കും ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.