ശൈലജ ടീച്ചർക്ക് കൈയടിക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ


-ഷെരീഫ് സാഗർ

ശൈലജ ടീച്ചർക്കുള്ള കൈയടി ബഹളത്തിനിടയിൽ മുങ്ങിപ്പോകുന്ന ചില യാഥാർത്ഥ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ആദ്യം അറിയേണ്ടത് കാസർക്കോട്ടു മുതൽ പാലക്കാട്ടു വരെ ജീവിക്കുന്നതും മനുഷ്യരാണ് എന്ന കാര്യമാണ്. അവരുടെ ഹൃദയവും മിടിക്കുന്നത് കേരളത്തിലാണ്. ആ ഹൃദയമിടിപ്പിന് എന്തെങ്കിലും കേടുപറ്റിയാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കേണ്ട ഗതികേട് ആദ്യമല്ല. നിരവധി തവണ വടക്കുനിന്ന് തെക്കോട്ട് ഇതേ അവസ്ഥയിൽ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. അന്നും ആംബുലൻസ് ഡ്രൈവറെയും ആരോഗ്യമന്ത്രിയെയും പുകഴ്ത്തി നമ്മൾ കാര്യം മറന്നു.
.
ഇന്നലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നഗരമെന്ന് മലബാറുകാർ തെറ്റിദ്ധരിച്ച പെരിന്തൽമണ്ണയിൽനിന്നാണ് പിഞ്ചു കുഞ്ഞിനെ വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലെ ലിസിയിലേക്ക് കുതിച്ചത്. ഹൃദ്യം പദ്ധതി പ്രകാരം മന്ത്രി ശൈലജ ടീച്ചർ അഭിനന്ദനാർഹമായ ഇടപെടലാണ് ഈ വിഷയത്തിൽ നടത്തിയത്. പക്ഷേ, യഥാർത്ഥ വിഷയം അവശേഷിക്കുന്നു. 
.
ഐക്യകേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് കോഴിക്കോട്. അടിയന്തര സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഇവിടെയില്ല. മഞ്ചേരിയിലും പാലക്കാട്ടുമില്ല. ഒന്നുകിൽ അമൃതയിലേക്കോ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്കോ വണ്ടി വിടൂ എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ മലബാറിലെ ഡോക്ടർമാർ പറയുന്നത്. ”വണ്ടി റെഡിയാണ്, നിങ്ങൾ പോന്നോളൂ” എന്ന് സർക്കാറും. 
.
സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാൻ റോഡൊരുക്കുകയും ആംബുലൻസ് വിട്ടുനൽകുകയും ചെയ്യുന്ന ഏജന്റിന്റെ പണിയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ട് ‘സർക്കാർ ഒപ്പമുണ്ട്’ എന്നൊരു അശ്ലീല ഹാഷ് ടാഗും. ആരോഗ്യരംഗത്ത് ”കുതിച്ചുചാടി”യെന്ന് വീമ്പിളക്കുമ്പോൾ ആരു ചാടി എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ സംവിധാനങ്ങളല്ല, സ്വകാര്യ ആശുപത്രികളാണ് കുതിച്ചത്. കൈയടിച്ച് കുഴങ്ങിയവർക്ക് ഇപ്പോഴും ഇക്കാര്യം മനസ്സിലായിട്ടില്ല. 
.
15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി കഴിഞ്ഞ മാസമാണ് മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹസ്സൻ ദേളി എന്ന ആംബുലൻസ് ഡ്രൈവർ 5 മണിക്കൂറുകൊണ്ട് പറന്നെത്തിയത്. കേരളം ഒന്നടങ്കം ആംബുലൻസിന് വഴിയൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇത് പലതവണ ആവർത്തിച്ചു. കഴിഞ്ഞ വർഷവും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. വാസ്തവത്തിൽ മലബാറിൽ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാനുള്ള ഭരണകൂട ഇടപെടലാണ് ഉണ്ടാകേണ്ടത്. മലബാറും കേരളത്തിലാണ്. നല്ലൊരു ആശുപത്രി അവരും അർഹിക്കുന്നു. ഹൃദയമുള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. 

https://www.facebook.com/shareef.sagar.3/posts/2509263589143973