മനുഷ്യത്വത്തെ വ്യഭിചരിച്ചവരുടെ ചാരിത്യ പ്രസംഗം

ഷരീഫ് അഹമ്മദ്

നമ്പി നാരായണനു വേണ്ടി ഇന്ന് ചിലര്‍ മനുഷ്യത്വം ഒലിപ്പിക്കുന്നത് കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പാനാണ് തോന്നുന്നത്. കരിങ്കാലി കരുണാകരന്‍. കെ കരുണാകര മൂരാച്ചി എന്നൊക്കെ അലറി വിളിച്ചിരുന്ന സഖാക്കള്‍ക്കൊക്കെ ഇപ്പോള്‍ കരുണാകര സ്‌നേഹം വഴിഞ്ഞൊഴുകുക ആണ് .. അതാണ് ഏറ്റവും രസകരം. ചാരക്കേസ് വരുന്ന കാലത്ത് കേരളത്തിലെ മാധ്യമ (സങ്കല്‍പ അപസര്‍പക കഥ എഴുത്തുകാര്‍) കേസരികളെന്ന് അവകാശപ്പെടുന്നവര്‍ പടച്ചുവിട്ട ഇക്കിളിക്കഥകളും പൈങ്കിളി തലക്കെട്ടുകളും ചെറുതായിരുന്നില്ല. ചന്ദ്രികയും ഏഷ്യാനെറ്റും മാത്രമാണ് അന്ന് കൊച്ചു പുസ്തകം അടിക്കാതിരുന്നത്.
ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നുണക്കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബര്‍ 18. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടര്‍ന്നത്. പിന്നെ മംഗളവും മനോരമയും , കേരള കൗമുദിയും. അന്ന് അത്യാവശ്യം നിലവാരമുണ്ടായിരുന്ന കലാ കൗമുദിയില്‍ ഒരു ശാസത്രജ്ഞന്റെ മരണവും കരുണാകരനേയും ചേര്‍ത്തു വേറെയും കഥകള്‍ പറന്നിറങ്ങിയിരുന്നു. ടി വി ന്യൂസുകള്‍ കാര്യമായി ഇല്ലാതിരുന്ന കാലത്തായതിനാല്‍ പത്രങ്ങള്‍ അടിച്ചു വിടുന്ന ഏത് ഊളത്തരവും മലയാളി വിഴുങ്ങുന്ന കാലമായിരുന്നു. അന്ന് പ്രീഡിഗ്രിക്കാരനായിരുന്ന ഞാനൊക്കെ ഈ അപസര്‍പ്പക കഥകള്‍ ഏറിയ പങ്കും വായിച്ചെടുത്തിട്ടുണ്ട്. എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ഒര്‍മാനിയ, മാലിക്കാരിയുടെ ബാഗില്‍ രഹസ്യരേഖകള്‍, മറിയം റഷീദ മാജിക്കും പഠിച്ചു, പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്സ്’, തോട്ടത്തിലെ വയര്‍ലസ്, കിടപ്പ് മുറിയിലെ ട്യൂണ മത്സ്യം, മാതാ ഹരി മുതല്‍ മറിയം റഷീദ വരെ തുടങ്ങി പരമ്പരയും ഇക്കിളി കഥകളും. മാലിയില്‍ പറന്നിറങ്ങി മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റയും’ ഭീകരപ്രവര്‍ത്തനങ്ങളുടെ ‘കഥകള്‍ പരമ്പരയായി എഴുതിയത് ഒരു മുണ്ടക്കയന്‍കാരനായിരുന്നു. (അവിടെ പോയോ എന്ന് ദൈവത്തിന് അറിയാം)
ചന്ദ്രിക പത്രം മാത്രമാണ് അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാര്‍ത്തകള്‍ നല്‍കിയത്. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്ന (ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍) ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങള്‍ തുറന്നെഴുതിയത്. നമ്പി നാരായണനെ പിന്തുണച്ച് ചന്ദ്രിക മുഖപ്രസംഗമെഴുതിയപ്പോള്‍ ”ചാരസുന്ദരിയുടെ സമുദായ പക്ഷം” എന്നു പറഞ്ഞ് ദേശാഭിമാനി പരിഹസിച്ചു.
ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം അതില്‍ ദുരൂഹതയെന്ന് ഭചന്ദ്രികഭയില്‍ കുഞ്ഞമ്മദ് വാണിമേല്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ പേരില്‍ ചന്ദ്രികക്കെതിരെ ഐബി അന്വേഷണം എന്ന് പിറ്റേ ദിവസം ദേശാഭിമാനിയില്‍ വാര്‍ത്ത’ അന്ന്
വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ഇങ്ങനെയായിരുന്നു. ”മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം..…..…” ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു.
”മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്” എന്നായിരുന്നു ആ ചോദ്യം. 1994 ഡിസംബറിലെ ചന്ദ്രിക പത്രത്തില്‍ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാര്‍ത്ത ‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് ‘ചാരവൃത്തി; മുസ്ലിംലീഗിന്റെ പങ്കും അന്വേഷിക്കണം എന്ന്. എങ്ങനെയുണ്ട്? മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും.
ഇന്ന് മാധ്യമ സിന്റിക്കേറ്റെന്ന് പറയുന്നവര്‍ അന്നത്തെ പത്രങ്ങള്‍ തുറന്ന് നോക്കുക ഒരേ അമ്മക്ക് പിറന്ന കുറേ മക്കളെ കാണാം.

( വിവരങ്ങള്‍ക്ക് കടപ്പാട്: അയമു അഴിഞ്ഞിലം, ഷരീഫ് സാഗര്‍, വഹീദ് സമാന്‍ )

SHARE