ഒടുവില്‍ മൗനം വെടിഞ്ഞ് ശരത് യാദവ് ; ‘നിതീഷ്‌കുമാറിന്റെ നിലപാട് ദൗര്‍ഭാഗ്യകരം’

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് രംഗത്ത്. മഹാസഖ്യത്തില്‍ നിന്ന് വിട്ട് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത് നിര്‍ഭാഗ്യകരമായിപ്പോയി. ഞാന്‍ ഈ രാഷ്ട്രീയകൂറുമാറ്റത്തിനോട് യോജിക്കുന്നില്ല. ഇതല്ലായിരുന്നു ജനവിധി’. മഹാസഖ്യത്തില്‍ നിന്ന് വിട്ടുപോയ സംഭവത്തെക്കുറിച്ച് ശരദ് യാദവ് പറഞ്ഞു. നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വിയാദവും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.

നിതീഷ്‌കുമാറിന്റെ എന്‍.ഡി.എയിലേക്കുള്ള മാറ്റത്തിനോട് ശരദ് യാദവിന് വിയോജിപ്പുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരസ്യപ്രതികരണത്തിന് ശരദ് യാദവ് മുതിര്‍ന്നിരുന്നില്ല. ഇപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. എം.പിമാരായ വീരേന്ദ്രകുമാറും അലി അന്‍വറും നിതീഷ്‌കുമാറിനെ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിതീഷ്‌കുമാര്‍ രാജിവെക്കുന്നത്. പിറ്റേ ദിവസം തന്നെ ബി.ജെ.പി പിന്തുണയോടെ അധികാരത്തിലേറുകയുമായിരുന്നു.