മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ഭുതപ്പെടാനില്ല; നെഹ്‌റു അതിര്‍ത്തിയില്‍ പോയിരുന്നുവെന്ന് ശരത്പവാര്‍

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് നന്ദര്‍ശനത്തില്‍ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സന്ദര്‍ശനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം മോദി ലഡാക്കില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയിരുന്നു.

മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. 1962 ലെ യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും മേഖലയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യശ്വന്ത്രോ ചവാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും ലഡാക്കിലെ അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.

താന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ 1993ല്‍ ചൈനയിലെത്തി ഇരു വിഭാഗങ്ങളിലുമുള്ള സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നെന്നും പവാര്‍ പറഞ്ഞു. ‘അന്ന് ആയുധേതര ഉടമ്പടിയും ഒപ്പുവെച്ചു. പ്രധാനമന്ത്രിയുമായുള്ള സര്‍വകക്ഷി യോഗത്തില്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും ചൈനയില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഞാന്‍ പറഞ്ഞു’, ശരത് പവാര്‍ പറഞ്ഞു.

നയതന്ത്ര ഇടപെടലുകളിലൂടെ ഇരുഭാഗത്തുനിന്നുമുള്ള സൈനികരെ പിന്‍വലിച്ചതായി ഞാന്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് നല്ലതാണെന്നും പവാര്‍ പറഞ്ഞു. ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 1962 ല്‍ ചൈന യുദ്ധത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെന്നായിരുന്നു പവാറിന്റെ മറുപടി. അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അവിടെ പോയിരുന്നു. പ്രതിരോധ മന്ത്രി യശ്വന്ത്രാവു ചവാനും അതിര്‍ത്തിയിലെത്തി സൈനികരെ കണ്ടിരുന്നു. രണ്ട് രാജ്യങ്ങളും ശക്തികളും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുമ്പോള്‍, രാജ്യത്തിന്റെ നേതൃത്വം സേനയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മോദി അവിടെ പോയതില്‍ എനിക്ക് അതിശയോക്തികളൊന്നുമില്ല,’ പവാര്‍ കൂട്ടിച്ചേര്‍ത്തു.