മകനെ എറിഞ്ഞുകൊന്നതില്‍ കുറ്റബോധമുണ്ടെന്ന് കുഞ്ഞിനെ പെറ്റ ശരണ്യ

കണ്ണൂര്‍: കണ്ണൂരില്‍ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ കുറ്റബോധം തോന്നുണ്ടെന്ന് കുഞ്ഞിനെ പെറ്റ ശരണ്യ. കഴിഞ്ഞ ദിവസം തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. കുട്ടിയെ പ്രസവിച്ച സ്ത്രീ തന്നെയാണ്കൊല നടത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കുട്ടിയുടെ അമ്മ ശരണ്യയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ശരണ്യയും പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തില്‍ ചേര്‍ന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ്-ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം ഇന്നലെയാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.