മണാലിയിലെ മഞ്ഞിലലിഞ്ഞ് ഉമ്മമാര്‍

ഹിമാലയന്‍ മഞ്ഞുമലകളിലൂടെ മക്കള്‍ക്കൊപ്പം
ബുള്ളറ്റ് റൈഡ് നടത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഉമ്മമാരുടെ യാത്രയെകുറിച്ച് ‘

ടി.കെ ഷറഫുദ്ദീന്‍

   ചില യാത്രകള്‍ അങ്ങനെയാണ്… സ്വപ്‌നംകാണുന്നതിനേക്കാള്‍ ഉയരത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. എത്രകാലം പിന്നിട്ടാലും ഓര്‍മകള്‍ മനസിലങ്ങനെ മായാതെ നില്‍ക്കും.  തിരക്കേറിയ ജീവിതവഴിയില്‍ റിവൈസ് ഗിയറിടാന്‍ അവസരം നല്‍കിയ ലോക്ഡൗണ്‍കാലത്ത്  സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയ ഒരു ബുള്ളറ്റ് റൈഡ് വീഡിയോയുണ്ട്.  ഹിമാലയത്തിലെ മഞ്ഞുമലകള്‍ക്കിടയിലൂടെ മക്കള്‍ക്കൊപ്പം കളിചിരികളുമായി യാത്രചെയ്യുന്ന രണ്ട്  ഉമ്മമാരുടെ ദൃശ്യം.   കഴിഞ്ഞ സെപ്തംബറില്‍ ഉമ്മയുമൊത്തുള്ള ഉത്തരേന്ത്യന്‍ട്രിപ്പ്, വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ട ഈ കൊറോണകാലത്ത് വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ ഷംലാന്‍ അബു പ്രതീക്ഷിച്ചിരുന്നില്ല. യാത്രയെകുറിച്ച്….

ഉമ്മമാരുടെ യാത്ര എന്ന ചിന്തയിലേക്കെത്തിയത്

  യാത്രയെ ഏറെ  ഇഷ്ടപ്പെടുന്ന ഷംലാന്‍ അബുവിനും ബന്ധു അബ്ദുല്‍ നഈമിനും ലഡാക്ക് ട്രിപ്പിനിടെയാണ് ഇത്തരമൊരു ആശയം തോന്നിയത്.  തങ്ങളുടെ യാത്രാവിവരണത്തിലൂടെ മാത്രം കണ്ടുംകേട്ടുമറിഞ്ഞ മഞ്ഞുപുതച്ച പ്രദേശങ്ങള്‍ ഉമ്മമാര്‍ക്ക് നേരിട്ട് കാണിച്ചുകൊടുക്കാമെന്ന്. വീട്ടുകാരുടെ പിന്തുണയായതോടെ പിന്നീടെല്ലാം വേഗത്തില്‍.  മക്കളേക്കാള്‍ ആവേശത്തില്‍ ഉമ്മമാര്‍ യാത്രക്ക് ഒരുങ്ങി. പോകുന്ന വഴിയില്‍ റൂമുകളുമെല്ലാം  മുന്‍കൂറായി ബുക്ക് ചെയ്ത് തയാറെടുപ്പുകളെല്ലാം നടത്തി.  അങ്ങനെ ഷംലാന്റെ ഉമ്മ 51കാരി അസ്മ ഉമ്മറും നഈമിന്റെ ഉമ്മ 45കാരി ഷറീനയും മക്കളുടെ ചിറകിലേറി ഹിമാലയന്‍ മഞ്ഞുമലകള്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു…

യാത്ര നല്‍കിയ അനുഭവങ്ങള്‍
   

കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍മാര്‍ഗമാണ് യാത്രചെയ്തത്.  ഷംലാന്റെ സഹോദരങ്ങളും കുടുംബവും ഒപ്പമുണ്ടായിരുന്നു.  ഡല്‍ഹിയില്‍ നിന്ന് ആദ്യംപോയത്  ലോകാത്ഭുതമായ ആഗ്രയിലെ താജ്മഹല്‍കാണാന്‍. ഇവിടെനിന്ന് ബസില്‍ ഹിമാചലിലെ കല്‍ക്കിയിലേക്ക്. പിന്നെ മഞ്ഞുമലയുടെ നാടായ കുഫ്‌റി ലക്ഷ്യമാക്കി യാത്രതുടര്‍ന്നു. മണാലിയിലെ ബിയാസ് നദീതീരത്ത് ക്യാമ്പിംഗ് നല്‍കിയ അനുഭവങ്ങള്‍ ഇന്നും മനസില്‍മായാതെനില്‍ക്കുന്നു.   റോഹ്ത്തങ് പാസിലേക്ക് ഉമ്മമാരുമൊന്നിച്ചുള്ള ബുള്ളറ്റ് റൈഡായിരുന്നു അതുത്തത്.  സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞ ഈയൊരു മനോഹരദൃശ്യം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് ഷംലാന്‍ പറയുന്നു. യാത്രയുടെ തുടക്കത്തില്‍ ഒരിക്കല്‍പോലും ഉദ്ദേശിച്ചിരുന്നില്ല അതിസാഹസികമായ ഈയൊരു ബുള്ളറ്റ് റൈഡ്. യാത്രയുടെ ആവേശത്തില്‍ പെട്ടെന്ന് പ്ലാന്‍ചെയ്തതാണ്. ബൈക്ക് വാടകക്കെടുക്കലും ഉമ്മമാരെ ഇതിലിരുത്തി െ്രെഡവ് ചെയ്തതുമെല്ലാം  ജീവിതത്തിലെ സ്വപ്‌ന സാഫല്യമായിരുന്നു ഇവര്‍ക്ക്.          മഞ്ഞുമൂടികിടക്കുന്ന പര്‍വ്വതനിരകളും പച്ചവിരിച്ച മലനിരകളുമെല്ലാമായി പ്രകൃതിതീര്‍ക്കുന്ന മക്കളുടെ ബുള്ളറ്റിന് പിറകിലിരുന്ന്  വിസ്മയകാഴ്ചകള്‍ കൗതുകത്തോടെ  ഉമ്മമാര്‍ വീക്ഷിച്ചു.  13000 അടി ഉയരത്തിലുള്ള റോഹ്ത്തങ് പാസിലൂടെ സാഹസികമായി ബൈക്കില്‍ സഞ്ചരിച്ച ഈ ഉമ്മമാര്‍ ഭയമേതുമില്ലാതെ ആര്‍ത്തുല്ലസിച്ച് തന്നെ യാത്രതുടര്‍ന്നു. മഞ്ഞുപുതച്ച അന്തരീക്ഷത്തില്‍ ഹിമാലയന്‍മലനിരകളെല്ലാം സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോയെന്നഫീല്‍.  12ദിവസം നീണ്ടുനിന്ന ഈയൊരു യാത്ര ജീവിതത്തിലെ അനര്‍ഘനിമിഷമായി ഈ ഉമ്മമാര്‍ക്ക്.

വൈറല്‍ വീഡിയോയ്ക്ക് ശേഷം

  സമൂഹമാധ്യമങ്ങളില്‍ ഉമ്മമാരുടെ വീഡിയോ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പ്രശസ്തരടക്കമുള്ള നിരവധിപേരുടെ  ഫോണ്‍കോളുകളും മെസേജുകളുമാണ് ഷംലാന്‍ അബുവിനെ തേടിയെത്തിയത്. നടി തെസ്‌നി ഖാന്‍, നടനും മോഡലുമായ ഷിയാസ് കരിം, നടി നൂറിന്‍ ഷെരീഫ്, ഹരീഷ് ഉത്തമന്‍ തുടങ്ങിയവരെല്ലാം പിന്തുണയായെത്തി. ഇതോടൊപ്പം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രായമായനിരവധിപേര്‍ വിളിക്കുന്നു. എല്ലാവര്‍ക്കും ദീര്‍ഘയാത്രപോകാന്‍ ആഗ്രഹമുള്ളവര്‍. ഉമ്മമാരുമൊന്നിച്ച് യാത്രപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചും  നിരവധി പേര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ഷംലാന്‍ പറയുന്നു.

യുവസഞ്ചാരിയുടെ ഡ്രീം പ്രോജക്ട്

 ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ഷംലാന്‍ ഇതിനോടകം ചെറുതുംവലുതുമായി ഒട്ടേറെ യാത്രപോയിട്ടുണ്ട്.  സുഹൃത്തിന്റേയും സഹോദരന്റേയും ട്രാവല്‍ ഏജന്‍സിയുടെ കോഓര്‍ഡിനേറ്ററായ 25കാരന്‍ പാര്‍ട്ട് ടൈമായി ട്രാവല്‍ഗൈഡായും പ്രവര്‍ത്തിക്കുന്നു. പ്രായത്തെ തോല്‍പിക്കുന്ന ആത്മവിശ്വാസത്തില്‍ യാത്രചെയ്യുന്ന നിരവധി വയോധികരെ വിവിധസ്ഥലങ്ങളില്‍വെച്ച് കണ്ടിട്ടുണ്ടെന്ന് ഷംലാന്‍ പറയുന്നു.  
   ആത്മവിശ്വാസത്തില്‍  ലോംഗ് ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്ന പ്രായമായവര്‍ക്കായി മദര്‍ ഇന്ത്യ പാക്കേജ് എന്ന സ്വപ്‌നപദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് ഈ യുവാവ്. ഡോക്ടര്‍മാരുടെ സേവനം അടക്കം പ്രായമായവര്‍ക്ക് ആവശ്യമായ എല്ലാമുന്‍കരുതലും  ഉള്‍പ്പെടുത്തിയുള്ള പാക്കേജ് കുറഞ്ഞനിരക്കില്‍ ലഭ്യമാക്കണമെന്നാണ് ഷംലാന്‍ ലക്ഷ്യമിടുന്നത്.  യാത്രപോകാന്‍ അതിയായ ആഗ്രഹമുണ്ടായിട്ടും സാമ്പത്തികം തടസംസൃഷ്ടിക്കുന്നവരെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൊണ്ടുപോകാനും ഷംലാന് പദ്ധതിയുണ്ട്.  കോവിഡ് മഹാമാരിയെല്ലാം അടങ്ങി വിനോദസഞ്ചാരമേഖല സാധാരണനിലയിലാകുന്നതും കാത്തിരിക്കുകയാണ് ഈ യുവസഞ്ചാരി.. കോവിഡാനന്തരം ഉമ്മയുമൊത്തുള്ള രാജസ്ഥാന്‍ യാത്രയും സ്വപ്നംകണ്ട്….

SHARE