‘പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞ് ഒരു സംഖ്യ ഏല്‍പ്പിച്ചിട്ടാണ് ഷറഫു പോയത്’

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഷറഫു പിലാശേരിയുടെ യാത്രക്ക് മുമ്പുള്ള അനുഭവം പങ്കുവെച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറക്കുളമാണ് ഷറഫു യാത്രക്ക് മുമ്പ് തന്നെ കാണാന്‍ വന്നപ്പോഴുണ്ടായ സംഭവം വിവരിച്ച് കുറിപ്പെഴുതിയത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു തുക ഏല്‍പ്പിച്ചാണ് പ്രിയ കൂട്ടുകാരന്‍ യാത്രയായതെന്ന് ഷാഫി വിതുമ്പലോടെ ഓര്‍ക്കുന്നു. യാത്രക്ക് മുമ്പ് മുമ്പെങ്ങുമില്ലാത്ത പ്രത്യേക ടെന്‍ഷന്‍ തോന്നുന്നുവെന്ന് പറഞ്ഞ് ഷറഫു കരഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

‘ബാക്ക് ടു ഹോം’ എന്ന അടുക്കുറിപ്പോടെ വിമാനത്തിനുള്ളില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രവും ഷറഫു പോസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായിയിലെ നാദക്കിലാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഷറഫു ജോലി ചെയ്യുന്നത്. ദുബായിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഷറഫു.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്..
നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ..
പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്..
കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു…

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..
ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

ഷാഫി പറക്കുളം.

SHARE