രാജ്യത്തെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നു: മോദിയെയും മോഹന്‍ഭഗവതിനെയും വിമര്‍ശിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്തെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസുകാര്‍ ഹിന്ദുക്കളെ സങ്കുചിത മനസ്‌കരാക്കുകയാണ്. ഹിന്ദുമതത്തെ മലിനമാക്കുന്ന നിലപാടിനോട് തന്നെ പോലുള്ള സന്യാസികള്‍ക്ക് യോജിപ്പില്ലെന്നും സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന അജണ്ട. മോഹന്‍ ഭഗവതിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന കാര്യത്തില്‍ ന്യായമില്ല. ഇത് സാമൂഹിക ഘടനയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുക. രാജ്യത്തെ ചില ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് ബലാത്സംഗ വാര്‍ത്തകള്‍ വരുന്നത്. ഇത് ശുഭസൂചനയല്ല. എല്ലാ ആശ്രമങ്ങളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നും കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെയും മോദിയുടെയും ദളിത് പ്രേമത്തിനെതിരെയും സ്വാമി സ്വരൂപാനന്ദ സരസ്വതി നേരത്തെ ആഞ്ഞടിച്ചിരുന്നു. ഇത് ബി.ജെ.പിയുടെ വെറും തട്ടിപ്പ് മാത്രമാണെന്നായിരുന്നു സ്വരൂപാനന്ദ അഭിപ്രായപ്പെട്ടിരുന്നത്.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് വെറും രാഷ്ട്രീയ നാടകമാണ്. ദളിതരോട് അത്ര വിധേയത്വമുണ്ടായിരുന്നെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് ഭക്ഷണം കഴിക്കാന്‍ പോയത് എന്തിനാണെന്നും അദ്ദേഹം പരസ്യമായി ചോദിച്ചിരുന്നു.