മധ്യസ്ഥനായി സിദ്ധീഖ്; ഷെയ്ന്‍ നിഗം വിവാദം അവസാനിക്കുന്നു

കൊച്ചി: നടന്‍ സിദ്ധീഖിന്റെ മധ്യസ്ഥതയില്‍ ഷെയിന്‍ നിഗം വിവാദം അവസാനിക്കുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഷെയിന്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച്. മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം ഷെയ്ന്‍ വിശദമായി അവതരിപ്പിച്ചു.

അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.

15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് ഷെയിന്‍ പറയുന്നത്.

നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

SHARE