കൊടുംതണുപ്പിലും പ്രതിഷേധാഗ്നിയായ് ഡല്‍ഹി

ന്യൂഡല്‍ഹി: പുതുവര്‍ഷരാവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളില്‍ മുങ്ങി ഡല്‍ഹി. ഷഹീന്‍ ബാഗിലെ നോയിഡകാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ എത്തിച്ചേര്‍ന്നത്. ആസാദി മുദ്രാവാക്യം മുഴക്കിയും ദേശീയഗാനം ആലപിച്ചുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.
ജാമിയ മില്ലിയക്കു മുന്നിലും തൊട്ടടുത്ത ഷഹീന്‍ ബാഗിലുമാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ മാറ്റിവെച്ച് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമുള്‍പ്പെടെ കടുത്ത തണുപ്പിനെ അവഗണിച്ച് നിരവധിയാളുകളാണ് പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക വീശിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ദേശീയ ഗാനം ആലപിച്ചു. ആസാദി മുദ്രാവാക്യം വാനിലുയര്‍ന്നു. വിപ്ലവഗാനങ്ങളും കവിതകളും നിറഞ്ഞ ഒരു രാത്രി. ഐക്യദാര്‍ഡ്യവുമായി കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമെത്തി.
ഹര്‍ഷ് മന്ദര്‍, കഫീല്‍ ഖാന്‍, യോഗേന്ദ്ര യാദവ്, നടന്‍ സീഷന്‍ അയ്യൂബ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കാളികളായി. അര്‍ദ്ധരാത്രിയോടെ പ്രദേശത്ത് വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. 118 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിശൈത്യമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ വകവെക്കാതെ കുഞ്ഞുങ്ങളുമായാണ് ചില സ്ത്രീകള്‍ നിരത്തില്‍ പ്രതിഷേധത്തിനിറങ്ങിയത്. ജാമിഅ മില്ലിയ്യക്കു മുന്നിലും പുതുവര്‍ഷരാവ് പ്രതിഷേധത്തെരുവായി. പുതുവത്സരാഘോഷം മാറ്റിവെച്ച് പ്രതിഷേധിക്കാനെത്തിയവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന യുവാക്കളുമുണ്ടായിരുന്നു. സാധാരണ പുതുവത്സാരോഘഷത്തിന് പോയിരുന്ന തങ്ങള്‍ പ്രതിഷേധത്തിന് വന്നത്,
ഇത് നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണെന്ന തിരിച്ചറിവുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. പൊലീസ് കാമ്പസില്‍ പ്രവേശിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. നമ്മുടെ കുട്ടികള്‍ പഠിക്കുന്നിടത്ത് സുരക്ഷിതരല്ലെങ്കില്‍, ഞങ്ങള്‍ എന്ത് ആഘോഷിക്കണം. ഞങ്ങളുടെ വിയോജിപ്പ് അറിയിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്നാണ് പ്രദേശവാസിയായ മരിയ ഷെയ്ക്ക് പറയുന്നത്.
തന്റെ കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ഒരു അമ്മയെന്ന നിലയില്‍, അവരുടെ ഭാവി സംരക്ഷിക്കാനാണ് സമരരംഗത്തിറങ്ങിയതെന്നും വീട്ടമ്മ സൈമ പറഞ്ഞു. ഈ സമരം ഭരണഘടനയുടെ സംരക്ഷണത്തിനുള്ളതാണെന്നും അവര്‍ പറഞ്ഞു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് പുതുവര്‍ഷത്തിന്റെ ഭാഗമായുള്ള സമരം അവസാനിച്ചത്.
പിന്നീട് പ്രതിഷേധക്കാര്‍ ഷഹീന്‍ ബാഗിലേക്ക് മാറി. 20 ദിവസമായി ഷഹീന്‍ ബാഗില്‍ സമരം തുടരുകയാണ്. കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധങ്ങളുടെ ഇടമായ ഷഹീന്‍ ബാഗില്‍ നിന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ ഒഴിയണമെന്നാണ് പൊലീസ് പറയുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യാ ഗേറ്റിലും കനത്ത പ്രതിഷേധമാണ് പുതുവര്‍ഷരാവിലുണ്ടായത്. പല ഭാഗത്തുനിന്നും പ്രതിഷേധക്കാര്‍ എത്തിയതോടെ പ്രദേശത്ത് ജനങ്ങളെക്കൊണ്ട് നിറഞ്ഞു.

SHARE