ഷുക്കൂര്‍ വധം: ബന്ധം വെളിപ്പെടുത്തിയ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ എം.എസ്എ.ഫ്; സി.ബി.ഐക്കു പരാതി നൽകി

തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്‍കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം എന്ന് ആവശ്യപെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ് തിരുവന്തപുരത്ത് സി.ബി.ഐക്ക് പരാതി നല്‍കിയത്.
തിരുവന്തപുരത്തെ സി.ബി.ഐ ഓഫീസില്‍ എത്തിച്ചേര്‍ന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന സെക്രട്ടറി എം.പി നവാസ് എന്നിവരടങ്ങിയ സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ പരാതിയും തെളിവായ ചര്‍ച്ചയുടെ ദൃശ്യമടങ്ങിയ സി.ഡി യും ഹാജരാക്കി. സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേന്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, അംജദ് കൂരിപ്പള്ളി, ഹാമീം നെടുമങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വെട്ടേറ്റു മരിച്ച സംഭവത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷുക്കൂര്‍ വധത്തില്‍ ബന്ധം ഷംസീര്‍ വെളിപ്പെടുത്തിയത്.

കോണ്‍ഗ്രസോ, ഒരു മുസ്ലീം സഹോദരനോ ആണോ നിങ്ങളുടെ ശത്രു എന്ന പരിശോധന നടത്തുകയും അവിടെ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതേറ്റു പറയുകയും, തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതേറ്റു പറയുകയും കുറ്റക്കാരെ ശിക്ഷിച്ചുവെന്ന് ഉറപ്പുവരുത്തി പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത സി.പി.എമ്മിന് ഇല്ലേ എന്ന ചോദ്യത്തിനാണ് ഷംസീര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

ഷുക്കൂര്‍ കേസില്‍ ബന്ധമില്ലെന്ന് തങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതൊരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല, അതങ്ങ് സംഭവിച്ചു പോയതാണ്. ഒരു മാസ് സൈക്കോളജിയാണ്. ജനക്കൂട്ടം അക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ല. ആ സംഭവം ഇല്ലാന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്നും പറഞ്ഞിട്ടില്ല… എന്നിങ്ങനെ ആയിരുന്നു എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വാക്കുകള്‍. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ചര്‍ച്ചയില്‍ ഷംസീറിന് ഒപ്പമുണ്ടായിരുന്നു.

ഷുക്കൂര്‍ വധക്കേസിനെ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലില്‍ ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. 2012 ഫെബ്രുവരി 20 നാണ് എം. എസ്. എഫ് പ്രവര്‍ത്തകര്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.