പണം നല്‍കിയാല്‍ കേസ് ഒതുക്കാന്‍ നടി തയ്യാറാകുമെന്ന് അധിക്ഷേപിച്ചു; എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി

മലപ്പുറം: ആക്രമിക്കപ്പെട്ട നടിക്കുനേരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി. മലപ്പുറത്ത് വെച്ചായിരുന്നു എം.എല്‍.എയുടെ അധിക്ഷേപമെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.

ജൂലായ് 23ന് മലപ്പുറം ടൗണ്‍ഹാളില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വെന്‍ഷനിലെ പ്രസംഗം സംബന്ധിച്ചാണ് പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഷംസീര്‍ വെളിപ്പെടുത്തുകയായിരുന്നു. പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍ക്കാന്‍ നടി തയ്യാറാകുമെന്ന് എം.എല്‍.എ അധിക്ഷേപിക്കുകയും ചെയ്തു. ഈ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഐ.പി.സി 228 അനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യം.