ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്ത് ഷംസീര്‍ എം.എല്‍.എ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങില്‍ സി.പി.എം. എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതി ഷാഫിയുടെ വീട്ടില്‍ എത്തിയാണ് ഷംസീര്‍ ആശംസകള്‍ നേര്‍ന്നത്. ടി.പി വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സി.പി.എം എം.എല്‍.എ പ്രതിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നത്.

ബുധനാഴ്ച രാത്രിയാണ് ഷംസീര്‍ എം.എല്‍.എ ഷാഫിയുടെ വീട്ടിലെത്തിയത്. വ്യാഴാഴ്ചത്തെ വിവാഹത്തിന് മുന്നോടിയായി അടുത്ത സുഹൃത്തുക്കള്‍ക്ക് നടത്തിയ വിവാഹ സല്‍ക്കാരത്തിലാണ് ഷംസീര്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്. ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി പരോളില്‍ ഇറങ്ങിയാണ് വിവാഹത്തിനെത്തിയത്. കൊയിലാണ്ടിയില്‍വെച്ചാണ് വിവാഹം.